
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസമാണ് പ്രധാനമന്ത്രി പദത്തിൽ എട്ട് വർഷം പൂർത്തിയാക്കിയത്. 2014 അധികാരത്തിൽ കയറിയ അദ്ദേഹം 2019ൽ വീണ്ടും തിരഞ്ഞെടുപ്പിൽ വിജയിച്ചാണ് അധികാര തുടർച്ച നേടിയത്. രണ്ട് വർഷത്തിനുള്ളിൽ രാജ്യം വീണ്ടും ഒരു തിരഞ്ഞെടുപ്പിനെ നേരിടാൻ തയ്യാറെടുക്കവേ മോദിയുടെ എട്ടുവർഷങ്ങൾ വമ്പൻ ആഘോഷങ്ങളിലൂടെയാണ് ബി ജെ പി കൊണ്ടാടുന്നത്. ഒരു ഹാട്രിക് ജയം മോദിയെ മുൻനിർത്തി നേടാനുള്ള ഒരുക്കത്തിലുമാണ് അവർ. വിവിധ മാദ്ധ്യമങ്ങളിൽ മോദി സർക്കാരിന്റെ നേട്ടങ്ങളും കോട്ടങ്ങളും വിവരിച്ചുകൊണ്ട് നിരവധി റിപ്പോർട്ടുകളും ഇപ്പോൾ പുറത്ത് വരുന്നുണ്ട്. ഇതിൽ കൂടുതലും രാജ്യത്തെ സമ്പദ്‌വ്യവസ്ഥയെ കുറിച്ചും, വളർച്ചയെ കുറിച്ചുമെല്ലാമാണ്. എന്നാൽ മോദി സർക്കാരിന്റെ ഏറ്റവും വലിയ നേട്ടം പ്രതിരോധ രംഗത്താണ്, രാജ്യസുരക്ഷയിൽ യാതൊരു വിട്ടുവീഴ്ചയും ചെയ്യില്ലെന്ന ചിത്രം രാജ്യത്തെ സാധാരണക്കാരുടെ മനസിൽ പതിപ്പിക്കുവാൻ കഴിഞ്ഞു എന്നതാണ് ആ നേട്ടത്തിന്റെ പിന്നിലുള്ളത്.
പാകിസ്ഥാനും ചൈനയും - രണ്ട് ശത്രുക്കൾ
വീടിന്റെ അയലത്ത് താമസിക്കുന്ന ശത്രുക്കളാണെങ്കിൽ ഏതൊരാളിന്റെ മനസമാധാനവും തകരും. കാരണം ഒരു കണ്ണ് എപ്പോഴും അവരുടെ പ്രവർത്തികൾക്കായി മാറ്റി വയ്‌ക്കേണ്ടിവരും. രാജ്യത്തിന്റെ അവസ്ഥയും സമാനമാണ്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം അതിർത്തി പങ്കിടുന്നവരിൽ പാകിസ്ഥാനും ചൈനയും നമ്മുടെ ശത്രുക്കളാണ്. ഈ രണ്ട് രാജ്യങ്ങളുമായും നമ്മൾ യുദ്ധത്തിൽ ഏർപ്പെട്ടിട്ടുമുണ്ട്. അടുത്ത ദശാബ്ദങ്ങളിൽ സംഭവിച്ച മറ്റൊരു പ്രധാന വെല്ലുവിളി ഈ രണ്ട് ശത്രുരാജ്യങ്ങളും തമ്മിലുള്ള അടുപ്പം നാൾക്കുനാൾ ദൃഢമാകുന്നു എന്നതാണ്. ഇന്ത്യാ വിരോധമാണ് ഇവരുടെ അടുപ്പത്തെ ദൃഢമാക്കുന്ന പ്രധാന ഘടകവും. മോദി സർക്കാർ തുടക്ക കാലം മുതൽക്കേ നേരിടുന്ന പ്രധാന വെല്ലുവിളി ഒരു യുദ്ധമുണ്ടായാൽ രണ്ട് രാജ്യങ്ങളുമായി ഒരേ സമയം പോരാടേണ്ടി വരും എന്നതാണ്. ഇതിനായി സൈന്യത്തെ തയ്യാറാക്കുക എന്നതായിരുന്നു മോദി സർക്കാർ നേരിട്ട വലിയ വെല്ലുവിളി.

പാകിസ്ഥാന്റെ വിഷപ്പല്ലെടുത്തു
നേർക്ക് നിന്ന് നേരിടാൽ കെൽപ്പില്ലെന്ന് പലവട്ടം തെളിയിച്ചിട്ടും, ഭീകരൻമാർ വഴി ഇന്ത്യയെ കുത്തി നോവിക്കുന്ന പതിവായിരുന്നു പാക് ഭരണാധികാരികൾ സ്വീകരിച്ചിരുന്നത്. ആണവ രാഷ്ട്രമെന്ന ഗർവ് ഇന്ത്യ തങ്ങളെ നേരിട്ട് ആക്രമിക്കില്ലെന്നതിന്റെ അടയാളമാക്കി അവർ ഉയർത്തുകയും പലവട്ടം പരസ്യമായി അവകാശപ്പെടുകയും ചെയ്തിരുന്നു. മുംബയ് ആക്രമണത്തിലടക്കം ഇന്ത്യ പതിവ് സമാധാനവും, ഉപരോധങ്ങളിൽ പ്രതിഷേധവും അവസാനിപ്പിച്ചത് മോദി സർക്കാരിന്റെ കാലത്തും അതിർത്തി കടക്കാൻ പാകിസ്ഥാനെ പ്രേരിപ്പിച്ചു. എന്നാൽ 2016ൽ ഉറിയിൽ നടത്തിയ ഭീകരാക്രമണം പാകിസ്ഥാന്റെ കണക്ക് കൂട്ടൽ തെറ്റിക്കുന്നതായിരുന്നു. അതിർത്തി കടന്ന് ഭീകര കേന്ദ്രങ്ങളെ ആക്രമിച്ച ഇന്ത്യ 2019ൽ പുൽവാമയിൽ പാകിസ്ഥാന്റെ മുഖമടച്ച മറുപടിയാണ് നൽകിയത്. ഇന്ത്യൻ യുദ്ധവിമാനങ്ങളെ അയച്ച് കൃത്യമായ സന്ദേശം പാകിസ്ഥാന് നൽകാനും ഇന്ത്യയ്ക്ക് ബലാക്കോട്ട് ആക്രമണത്തിലൂടെ കഴിഞ്ഞു. പാകിസ്ഥാന്റെ ആണവ ഭീഷണി വെറും വെള്ളത്തിലെ കുമിളയാണെന്ന് ഇന്ത്യ തെളിയിച്ചു. ലോകരാജ്യങ്ങൾ ഇന്ത്യയ്‌ക്കൊപ്പം അണിനിരന്നതോടെ ഇന്ത്യയുടെ വളർച്ച പാകിസ്ഥാൻ ശരിക്കും മനസിലാക്കി. ദിനംതോറും പടുകുഴിയിൽ വീഴുന്ന പാകിസ്ഥാന് ഇന്ത്യ എന്നത് തങ്ങളാൽ ഒരിക്കലും നേരിടാൻ കഴിയാത്ത ശത്രുവാണെന്ന ബോദ്ധ്യം മനസിലാക്കി കൊടുക്കാനായി എന്നതാണ് മോദി സർക്കാരിന്റെ പ്രധാന നേട്ടം. ഈ നേട്ടം സ്വന്തമാക്കാൻ ഒന്നാം മോദി സർക്കാരിനായി എന്നത് ഇന്ത്യൻ ജനതയ്ക്കും മനസിലായി എന്നതാണ് ഒരു വലിയ പരിധിവരെ രണ്ടാം മോദി സർക്കാരിന്റെ പിറവിക്ക് കാരണമായത്.

ഒത്തുപിടിച്ചാൽ ചൈനയും വീഴും
1962ലെ ഇന്ത്യ ചൈന യുദ്ധം മറക്കാൻ ആഗ്രഹിക്കുന്നവരാണ് നാം ഇന്ത്യക്കാർ. വേണ്ട മുന്നൊരുക്കങ്ങളില്ലാതെ ചൈനയ്ക്ക് മുന്നിൽ തലകുനിച്ച ആ ചരിത്രം അത്രമേൽ മുറിവേൽപ്പിച്ചിട്ടുണ്ട്. പലവട്ടം ഇന്ത്യൻ അതിർത്തിയിലേക്ക് ചൈന കടന്നുകയറ്റം നടത്തിയെങ്കിലും അപ്പോഴെല്ലാം ചർച്ചകളിലൂടെയും മറ്റും അവരെ സമാധാനിപ്പിച്ച് പിൻമാറ്റുകയായിരുന്നു ഇന്ത്യൻ തന്ത്രം. തങ്ങളാൻ നേരിടാൻ കഴിയാത്ത ശക്തിയാണ് ചൈന എന്ന ചില മൂഢവിശ്വാസങ്ങളെ പിഴുതെറിയാൻ രണ്ടാം മോദി സർക്കാരിന് കഴിഞ്ഞു. അതിന് കാരണമായത് 2020ൽ ഗാൽവാൻ താഴ്വരയിലുണ്ടായ ചില സംഭവങ്ങളായിരുന്നു. ഗാൽവാനിൽ ഇന്ത്യയുടെ നിരവധി ധീര സൈനികർ വീരമൃത്യു വരിച്ചപ്പോൾ ചൈനയ്ക്കും കനത്ത നാശമാണുണ്ടായത്. ഈ സംഭവത്തിന് ശേഷം ദ്രുതഗതിയിലുള്ള സൈനിക നീക്കമാണ് ഇന്ത്യയും ചൈനയും അതിർത്തിയിൽ നടത്തിയത്. ചൈനയോട് പതിവ് മൃദുസമീപനം വിട്ട ഇന്ത്യയെയാണ് കാണാനായത്. ചൈനയ്ക്ക് നേരെ അത്യാധുനിക ആയുധങ്ങൾ നിരത്താൻ ഇന്ത്യയ്ക്കായി. അതിനൊപ്പം ചൈനാപ്പേടിയിൽ കഴിഞ്ഞിരുന്ന അവർക്കു ചുറ്റുമുള്ള നിരവധി രാജ്യങ്ങളെ പ്രചോദിപ്പിക്കുവാനും ഇന്ത്യയ്ക്കായി. ഇതിന്റെ തുടർച്ചയായിരുന്നു ഉറക്കത്തിലായിരുന്ന ക്വാഡ് ഉൾപ്പടെയുള്ള സഖ്യങ്ങൾ ശക്തി പ്രാപിച്ചത്. കൊവിഡിൽ തകർന്ന ചൈനയ്ക്ക് മറ്റൊരു തിരിച്ചടിയായിരുന്നു അതിർത്തിയിലെ മാറുന്ന ഇന്ത്യൻ മുഖം.

ആയുധങ്ങളിലെ സ്വയം പര്യാപതത
മോദി സർക്കാർ സത്യപ്രതിജ്ഞ ചെയ്തപ്പോൾ, ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ പ്രതിരോധ ഇറക്കുമതിക്കാരായിരുന്നു ഇന്ത്യ. രാജ്യത്തിന്റെ പ്രതിരോധ ബഡ്ജറ്റിന്റെ സിംഹഭാഗവും ആയുധങ്ങൾ ഇറക്കുമതി ചെയ്യുന്നതിനായി ചെലവാക്കേണ്ടി വന്നു. പ്രതിരോധ നിർമ്മാണം കൂടുതൽ ആഭ്യന്തര മേഖലയിലാക്കാൻ കേന്ദ്രം തീരുമാനിച്ചു. ഇതിനായി സ്വകാര്യകമ്പനികൾക്ക് അനുവാദം നൽകുകയും ചെയ്തു. മേക്ക്ഇൻഇന്ത്യയുടെയും ആത്മനിർഭർ ഭാരതിന്റെയും ഭാഗമായി ഇന്ത്യ തദ്ദേശീയ പ്രതിരോധ ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്നതിൽ വലിയ ചുവടു വയ്പ്പാണ് നടത്തുന്നത്.
പ്രതിരോധ വ്യവസായം പ്രോത്സാഹിപ്പിക്കുന്നതിനായി പ്രത്യേക പ്രതിരോധ ഇടനാഴികൾ സ്ഥാപിക്കാൻ സർക്കാർ തീരുമാനിച്ചു. ഇതുവരെ 351 കമ്പനികൾക്ക് ഈ ഇടനാഴികളിൽ പ്രവർത്തിക്കുന്നതിന് ആകെ 568 ലൈസൻസുകൾ നൽകിയിട്ടുണ്ട്. 2024 അവസാനത്തോടെ പ്രാദേശിക പ്രതിരോധ, എയ്‌റോസ്‌പേസ് ഉൽപ്പന്നങ്ങളിൽ മൊത്തം 1.75 ലക്ഷം കോടി രൂപയുടെ വിറ്റുവരവാണ് ലക്ഷ്യമിടുന്നത്. ഈ ലക്ഷ്യം കൈവരിക്കുന്നതിനുള്ള നടപടികൾ പ്രതിരോധ മന്ത്രാലയം വേഗത്തിലാക്കുകയാണ്. ചുവപ്പ് നാടയിൽ കുരുങ്ങി പദ്ധതികൾ വൈകുന്നത് തടയാൻ പ്രത്യേക സംവിധാനം ഏർപ്പെടുത്തി. പ്രതിരോധ സംരംഭങ്ങളിൽ പൊതുമേഖലയുടെ മെല്ലെപ്പോക്കിന് തടയിടാൻ സ്വകാര്യ പങ്കാളിത്തം കൊണ്ടുവന്നു. പ്രതിരോധ നിർമ്മാണത്തിൽ പങ്കാളികളാകാൻ ആഗ്രഹിക്കുന്ന സ്ഥാപനങ്ങൾക്ക് ഇത് വലിയ അവസരം തുറന്ന് നൽകി.
ലാഭേച്ഛയിൽ പ്രവർത്തിക്കുന്ന സ്വകാര്യ കമ്പനികൾക്ക് ദേശസ്‌നേഹപരമായ ആവശ്യങ്ങൾ നിർവഹിക്കാനാവും എന്നും സർക്കാർ ഇതിലൂടെ തെളിയിച്ചു.

സ്വകാര്യ പങ്കാളിത്തം ക്ഷണിക്കുന്നതിന് പ്രതിരോധ മന്ത്രാലയം നിരവധി നടപടികൾ കൊണ്ടുവന്നു. പ്രതിരോധ ഉൽപ്പാദനത്തിൽ സ്വാശ്രയത്വത്തിന് പ്രേരണ നൽകുന്നതിനായി സർക്കാർ 'പ്രതിരോധ ഉൽപ്പാദന, കയറ്റുമതി പ്രോത്സാഹന നയം 2020' രൂപീകരിച്ചു. ' ഇന്ത്യയിലെ ആഗോളനിർമ്മാണം എന്ന ലക്ഷ്യത്തിൽ ഇന്ത്യയിൽ വന്ന് ആയുധങ്ങൾ നിർമ്മിക്കാൻ വിദേശ കമ്പനികളോട് ആവശ്യപ്പെട്ടു. ഈ മേഖലയിലെ എഫ്ഡിഐയുടെ പരിധിയും മന്ത്രാലയം ഉയർത്തി. ഈ പരിശ്രമങ്ങളുടെ ഫലം വളരെ വലുതായിരുന്നു. ആയുധങ്ങൾ ഇറക്കുമതി ചെയ്തിരുന്ന രാജ്യത്തിന് കയറ്റുമതി ചെയ്യാനും കഴിയും എന്ന് തെളിയിച്ചു. ഫലമായി 2014 മുതൽ ഇന്ത്യൻ ആയുധ കയറ്റുമതി ആറ് മടങ്ങ് വളർച്ച കൈവരിച്ചു.

സൈന്യത്തെ ആധുനികവത്കരിച്ചു
അഴിമതി നിറഞ്ഞ പ്രതിരോധ ഇടപാടുകളുടെ ചരിത്രം തിരുത്തിക്കുറിച്ച മോദി സർക്കാർ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് എന്ന തസ്തിക സൃഷ്ടിച്ചതിലൂടെ പ്രതിരോധ ഇടപാടുകളിൽ സൈനിക പങ്കാളിത്തം ഉയർത്തി. ബ്യൂറോക്രസിയുടെ തലയ്‌ക്കേറ്റ പ്രഹരമായിരുന്നു ഇത്. അടിയന്തര സാഹചര്യങ്ങളിൽ കാര്യങ്ങൾ എളുപ്പം നിറവേറ്റാൻ ഇതിലൂടെ കഴിയും. കാർഗിൽ റിവ്യൂ കമ്മിറ്റി ഇന്ത്യൻ ഗവൺമെന്റിനോട് ആവശ്യപ്പെട്ട ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് നടപ്പിലാക്കാൻ മോദി സർക്കാരിന് കഴിഞ്ഞു. അന്തരിച്ച ജനറൽ ബിപിൻ റാവത്ത് ഇന്ത്യയുടെ ആദ്യത്തെ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് (സിഡിഎസ്) ആയി. ഇതിന് പിന്നാലെ സൈന്യത്തിന്റെ ആധുനിക വത്കരണം ദ്രുതഗതിയിൽ നടന്നു.
മോദി സർക്കാർ അധികാരമേൽക്കുമ്പോൾ ഇന്ത്യൻ സൈന്യത്തിൽ നവീകരിച്ച തോക്കുകൾ, കാര്യക്ഷമമായ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകൾ, ഗുണനിലവാരമുള്ള ഷൂ തുടങ്ങിയ അടിസ്ഥാന ഇനങ്ങളിൽ പോലും ക്ഷാമം നിലനിന്നിരുന്നു. എന്നാൽ ഏതാനും വർഷങ്ങൾക്കുള്ളിൽ പ്രതിരോധ മന്ത്രാലയം കാര്യങ്ങൾ മാറ്റിമറിച്ചു. നാവിക, വ്യോമ സേനയുടെ നവീകരണവും ലക്ഷ്യം കണ്ടു. ഏതാനും ദിവസങ്ങൾക്ക് മുൻപാണ് ചൈനയെ മറികടന്ന് ലോകത്തിലെ മൂന്നാമത്തെ വ്യോമശക്തിയായി ഇന്ത്യൻ എയർ ഫോഴ്സ് മാറിയത്. റഫാലുൾപ്പടെയുള്ള അത്യാധുനിക വിമാനങ്ങളെ ഇന്ത്യയിൽ എത്തിച്ചത് ഈ നേട്ടത്തിന് ആക്കം കൂട്ടി. വ്യോമസേനയെ നവീകരിക്കാൻ മോദി സർക്കാർ നിരവധി പദ്ധതികൾ കൊണ്ടുവന്നു.