
പുറം ലോകത്ത് സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ സഹിക്കവയ്യാതെയാണ് ആ 21 കാരി വെർച്വൽ റിയാലിറ്റി ലോകത്തേക്ക് ചെന്നത്. എന്നാൽ അവിടെയും അവൾക്ക് സ്വൈര്യമായി നടക്കാനായില്ല. പട പേടിച്ച് പന്തളത്ത് ചെന്നപ്പോൾ അവിടെ പന്തം കൊളുത്തി പട എന്ന് പറയുന്ന പോലെ അവിടെയും പീഡനം.
മാർക്ക് സക്കർബർഗിന്റെ വെർച്വൽ റിയാലിറ്റി പ്ലാറ്റ്ഫോമായ മെറ്റാവേഴ്സിൽ 21 കാരിയായ ഒരു യുവതിയുടെ അവതാർ പീഡനത്തിനിരയായി എന്ന വാർത്ത ടെക്ക് ലോകത്തെ ആകെ ഞെട്ടിച്ചിരിക്കുകയാണ്. മെറ്റാവേഴ്സിലേക്ക് കയറി ഒരു മണിക്കൂർ തികയുന്നതിന് മുമ്പാണ് പെൺകുട്ടി പീഡനത്തിനിരയായത്.
'മെറ്റാവേഴ്സ്: അനതർ സെസ്പൂൾ ഒഫ് ടോക്സിക് കണ്ടന്റ്' എന്ന തലക്കെട്ടിലുള്ള റിപ്പോർട്ടിലൂടെയാണ് ഈ വാർത്ത പുറത്തുവന്നത്. സം ഒഫ് അസ് എന്ന സംഘടനയിലെ ഗവേഷകയായ പെൺകുട്ടിയ്ക്കാണ് ഈ ദുരനുഭവമുണ്ടായത്. മെറ്റാവേഴ്സിനുള്ളിലെ ഹൊറൈസൺ വേൾഡ്സ് എന്ന പാർട്ടി റൂമിൽ മറ്റ് ഉപയോക്താക്കളുടെ മുന്നിൽ വച്ച് പരസ്യമായാണ് പെൺകുട്ടി പീഡനത്തിനിരയായത്.
യു എസ്, കാനഡ എന്നീ രാജ്യങ്ങളിലെ ഉപയോക്താക്കളാണ് മെറ്റാവേഴ്സിലെ അംഗങ്ങളിൽ ഭൂരിഭാഗവും. അവരുടെ അവതാറുകൾക്ക് ഇതിനുള്ളിൽ യഥാർത്ഥ ജീവിതത്തിലെന്ന പോലെ സ്വതന്ത്രമായി നടക്കാനും, ഒത്തുകൂടാനും, ഗെയിമുകൾ കളിക്കാനുമെല്ലാം സാധിക്കും. പീഡനം നടന്നത് വെർച്വലായിട്ടാണെങ്കിലും അത് പെൺകുട്ടിയ്ക്ക് ശരിക്കും അനുഭവിക്കേണ്ടി വന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.

മെറ്റാവേഴ്സിൽ ഒരു ഉപയോക്താവിനെ മറ്റൊരാൾ സ്പർശിക്കുമ്പോൾ അത് ശരീരത്തിൽ ഘടിപ്പിച്ചരിക്കുന്ന വി ആർ കണ്ട്രോളറുകൾ വഴി സ്വന്തം ശരീരത്തിൽ അനുഭിക്കും. സ്പർശനത്തിന് അനുസരിച്ച് കണ്ട്രോളറുകൾ വൈബ്രേറ്റ് ചെയ്യുന്നതിലൂടെയാണ് ഇത് സാദ്ധ്യമാകുന്നത്. സമാന രീതിയിൽലാണ് പീഡനത്തിനിടെയുണ്ടായ അനാവശ്യ സ്പർശനങ്ങൾ ഉൾപ്പെടെ ആ പെൺകുട്ടിയ്ക്കും യഥാർത്ഥ ജീവിത്തിൽ അനുഭവിക്കേണ്ടി വന്നത്.
ലൈംഗിക പീഡനം, വാക്കാലുള്ള അധിക്ഷേപം, വംശീയ അധിക്ഷേപം, വ്യക്തിഗത ജീവിതത്തിലേക്കുള്ള കടന്നുകയറ്റം തുടങ്ങിയ പ്രശ്നങ്ങൾ മെറ്റാവേഴ്സിൽ വളരെക്കാലമായി നിലനിൽക്കുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. മെറ്റാവേഴ്സിൽ പരിചയമില്ലാത്ത ആളുകളുമായി ഇടപഴകുമ്പോൾ സുരക്ഷാ ഫീച്ചറുകൾ ഓഫ് ചെയ്യുന്നതിനെ തങ്ങൾ പ്രോത്സാഹിപ്പിക്കുന്നില്ല. അത് ഓഫ് ചെയ്തതുകൊണ്ടാണ് ഇത് സംഭവിച്ചതെന്നുമാണ് മെറ്റയുടെ ഒരു ഉദ്യോഗസ്ഥൻ സംഭവത്തെപ്പറ്റി പ്രതികരിച്ചുകൊണ്ട് പറഞ്ഞത്.