
ന്യൂഡൽഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ പാർട്ടി വിടുമെന്ന അഭ്യൂഹങ്ങൾ ശക്തമാകുന്നു. ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ ജെ.പി നദ്ദയുമായി കൂടിക്കാഴ്ച്ചക്കുള്ള സമയം ആനന്ദ് ശര്‍മ തേടിയിട്ടുണ്ടെന്നാണ് വിവരങ്ങൾ. എന്നാൽ ആനന്ദ് ശർമ പാർട്ടി വിടുന്നുവെന്നതിൽ വസ്‌തുതയില്ലെന്നാണ് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ പറയുന്നത്.
രാജ്യസഭ സീറ്റ് വിശ്വസ്തര്‍ക്ക് ഗാന്ധി കുടുംബം വീതം വച്ച് നൽകിയെന്ന ആക്ഷേപം ശക്തമാകുന്നുണ്ട്. ഇതിനെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായി കടുത്ത നിലപാട് ആനന്ദ് ശർമ സ്വീകരിക്കുമെന്നാണ് സൂചനകൾ. രാജ്യസഭ സീറ്റ് കിട്ടുമെന്ന പ്രതീക്ഷയിലായിരുന്നു ആനന്ദ് ശർമ്മ. കപില്‍ സിബലും ആനന്ദ് ശര്‍മയും തമ്മിൽ ചർച്ചകൾ നടന്നുവെന്നും റിപ്പോർട്ടുകളുണ്ട്.
കപില്‍ സിബല്‍ കോണ്‍ഗ്രസ് വിട്ടതിന് പിന്നാലെ ജി23 വിമത നേതാക്കളിലെ പ്രധാനിയായ ആനന്ദ് ശര്‍മ കൂടി രാജിവച്ചാൽ പാർട്ടിക്ക് അത് കടുത്ത തിരിച്ചടിയാകും. കോണ്‍ഗ്രസിന്റെ ഗുജറാത്തില്‍ നിന്നുള്ള യുവ നേതാവ് ഹാര്‍ദിക് പട്ടേല്‍ ബി.ജെ.പിയില്‍ ചേരുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് വിട്ടതിന് പിന്നാലെ ആം ആദ്‌മി ക്ഷണിച്ചെങ്കിലും ഹാര്‍ദ്ദിക് പട്ടേൽ ബി.ജെ.പി തിരഞ്ഞെടുക്കുകയായിരുന്നു.