thrikkakkara-by-election

കൊച്ചി: രാഷ്ട്രീയ കേരളം ആകാംക്ഷയോടെ കാത്തിരുന്ന തൃക്കാക്കര ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പിന് പര്യവസാനം. ഇനി വോട്ടെണ്ണലിനും ഫലപ്രഖ്യാപനത്തിനും വേണ്ടിയായിരിക്കും മുന്നണികളും പ്രവർത്തകരും കാത്തിരിക്കുക. രാവിലെ ഏഴിന് ആരംഭിച്ച വോട്ടെടുപ്പിൽ 70 ശതമാനത്തിനടുത്ത് പോളിംഗാണ് രേഖപ്പെടുത്തിയിരിക്കുന്നത്. തൃക്കാക്കര മുനിസിപ്പാലിറ്റിയിലാണ് ശക്തമായ പോളിംഗ് രേഖപ്പെടുത്തിയത്.

thrikkakkara-by-election

പുറത്തുവരുന്ന ഔദ്യോഗിക കണക്കുകൾ പ്രകാരം കൂടുതൽ വോട്ട് രേഖപ്പെടുത്തിയത് സ്ത്രീകളാണ്. എന്നാൽ ശതമാനക്കണക്കൽ അത് പുരുഷന്മാരാണ്. ആകെ 1,01,530 സ്ത്രീകൾക്കും 95,274 പുരുഷന്മാർക്കുമാണ് മണ്ഡലത്തിൽ വോട്ടുള്ളത്. ആകെ 239 പോളിംഗ് ബൂത്തുകളിലാണ് വോട്ടിംഗ് നടന്നത്. രാവിലെ 6ന് മോക്ക് പോളിംഗ് നടത്തിയ ശേഷമാണ് വോട്ടെടുപ്പ് ആരംഭിച്ചത്.

thrikkakkara-by-election

ഉയർന്ന പോളിംഗ് ശതമാനത്തെ തുടർന്ന് മൂന്ന് മുന്നണികളും ആത്മവിശ്വാസത്തിലാണ്. രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തിയ ശേഷം യു ഡി എഫ് സ്ഥാനാർത്ഥി ഉമാ തോമസ് തങ്ങളുടെ ഭൂരിപക്ഷം ഉയരുമെന്ന് പ്രതികരിച്ചിരുന്നു. എന്നാൽ എൽ ഡി എഫ് വിജയത്തിൽ സംശയമില്ലെന്നാണ് ജോ ജോസഫിന്റെ പ്രതികരണം. ബി ജെ പി അട്ടിമറി വിജയം നേടുമെന്ന് എ എൻ രാധാകൃഷ്ണനും വ്യക്തമാക്കി.

കള്ളവോട്ട് തടയാൻ ശക്തമായ സജ്ജീകരണങ്ങൾ ഒരുക്കിയെന്ന പ്രഖ്യാപനങ്ങൾക്കിടെയും കള്ളവോട്ട് ശ്രമം നടന്നിരുന്നു. വൈറ്റില പൊന്നുരുന്നി സ്കൂളിലെ പോളിംഗ് ബൂത്തിലാണ് കള്ളവോട്ട് ചെയ്യാൻ ശ്രമിച്ചയാളെ യുഡിഎഫ്, ബിജെപി പ്രവർത്തകർ പരാതിപ്പെട്ടതിനെ തുടർന്ന് കൈയോടെ പിടികൂടിയത്. ടി എം സഞ്ജു എന്നയാളുടെ പേരിൽ വോട്ട് ചെയ്യാനെത്തിയ പിറവം പാമ്പാക്കുട സ്വദേശി ആൽബിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. സഞ്ജു എന്നയാളുടെ പേരില്‍ വോട്ട് ചെയ്യാനെത്തിയത് മറ്റൊരാളാണെന്ന് യുഡിഎഫ്, ബിജെപി പ്രവർത്തകർ ആരോപിക്കുകയായിരുന്നു.

thrikkakkara-by-election

സംശയം തോന്നിയ പ്രവർത്തകർ ഇയാളോട് വീട്ടുപേരും മാതാപിതാക്കളുടെ പേരുകളും ഉൾപ്പെടെയുള്ള വ്യക്തിഗത വിവരങ്ങൾ ചോദിച്ചു. തുടർന്ന് ഇയാൾക്ക് കൃത്യമായി മറുപടി നൽകാന്‍ സാധിക്കാതെ വന്നതോടെയാണ് കള്ളവോട്ടിന് ശ്രമിച്ചയാളെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയത്.

അതേസമയം വോട്ടെടുപ്പിനിടെ മദ്യപിച്ചെത്തിയ പ്രിസൈഡിംഗ് ഓഫീസറും പിടിയിലായിരുന്നു. മരോട്ടിച്ചുവട് സെന്റ്‌ജോർജ് സ്‌കൂളിലെ ഇരുപത്തിമൂന്നാം നമ്പർ ബൂത്തിലെ പ്രിസൈഡിംഗ് ഓഫീസറായ പി വർഗീസാണ് പിടിയിലായത്. ഈ സാഹചര്യത്തിൽ മറ്റൊരു പ്രിസൈഡിംഗ് ഓഫീസർ നിയോഗിക്കുകയും വർഗീസിനെ വൈദ്യ പരിശോധനയ്ക്കായി കൊണ്ടുപോകുകയും ചെയ്തിരുന്നു.

thrikkakkara-by-election

ഒരു ബൂത്തിൽ സുരക്ഷയ്ക്കുൾപ്പെടെ മുഴുവൻ ഉദ്യോഗസ്ഥരും വനിതകളായിരുന്നു. അഞ്ചു മാതൃകാ ബൂത്തുകളുമുണ്ടായിരുന്നു. ആറ് തപാൽ വോട്ടുകളും 83 സർവീസ് വോട്ടുകളുമാണ് ഉണ്ടായിരുന്നത്. തിരഞ്ഞെടുപ്പുമായി നേരിട്ട് ബന്ധപ്പെട്ടവർക്ക് മാത്രമായിരുന്നു തപാൽ വോട്ട്. സേനകളിലും വിദേശകാര്യ മന്ത്രാലയത്തിലും ജോലി ചെയ്യുന്നവർക്കായിരുന്നു സർവീസ് വോട്ടുകൾ.