
കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ കള്ളവോട്ട് ചെയ്തതിന് പൊലീസ് പിടിയിലായ ആൾ സിപിഎം പ്രവർത്തകനാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഉപതിരഞ്ഞെടുപ്പിൽ വ്യാപകമായി കള്ളവോട്ട് നടന്നിട്ടുണ്ടെന്നും ഇതിനു പിന്നിൽ സിപിഎം ആണെന്നും വിഡി സതീശൻ ആരോപിച്ചു. ഉയർന്ന പോളിംഗിൽ പ്രതീക്ഷയുണ്ടെന്നും പി ടി തോമസിനെക്കാൾ ഉയർന്ന ഭൂരിപക്ഷം ഉമ തോമസിന് ലഭിക്കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
പൊന്നുരുന്നി ക്രിസ്ത്യൻ കോൺവെന്റ് സ്കൂളിൽ കള്ളവോട്ടിന് ശ്രമിച്ച പിറവം സ്വദേശി ആൽബിനെ നേരത്തെ പൊലീസ് പിടികൂടിയിരുന്നു. സഞ്ജു എന്ന വ്യക്തിയുടെ പേരിൽ വോട്ട് ചെയ്യാനാണ് ഇയാൾ ശ്രമിച്ചത്. കസ്റ്റഡിയിലെടുത്ത് ആൽബിനെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്. വ്യാജ ഐഡി കാർഡ് ഉപയോഗിച്ചാണ് ഇയാൾ കള്ളവോട്ട് ചെയ്യാൻ ശ്രമിച്ചത്.
സംശയം തോന്നിയ പ്രവർത്തകർ ഇയാളോട് വീട്ടുപേരും മാതാപിതാക്കളുടെ പേരുകളും ഉൾപ്പെടെയുള്ള വ്യക്തിഗത വിവരങ്ങൾ ചോദിച്ചു. തുടർന്ന് ഇയാൾക്ക് കൃത്യമായി മറുപടി നൽകാൻ സാധിക്കാതെ വന്നതോടെയാണ് കള്ളവോട്ടിന് ശ്രമിച്ചയാളെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയത്. അതേസമയം പിടിയിലായ ആൽബിൻ ഡിവൈഎഫ്ഐയുടെ പ്രാദേശിക നേതാവാണെന്ന് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ആരോപണം ഉന്നയിച്ചിട്ടുണ്ട്.