aadila

കൊച്ചി: സ്വവർഗാനുരാഗികളായ പെൺകുട്ടികൾക്ക് ഒന്നിച്ച് ജീവിക്കാൻ ഹൈക്കോടതിയുടെ അനുമതി. ആലുവ സ്വദേശിനി ആദില നസ്രിൻ ഹൈക്കോടതിയിൽ നൽകിയ ഹേബിയസ് കോർപസ് ഹർജിയിലാണ് പങ്കാളി താമരശേരി സ്വദേശിനി ഫാത്തിമ നൂറയെ ആദിലയ്‌ക്കൊപ്പം ജീവിക്കാൻ ഹൈക്കോടതി അനുവദിച്ചത്. പ്രായപൂർത്തിയായവർ‌ക്ക് ഒന്നിച്ച് ജീവിക്കാൻ വിലക്കില്ലെന്ന് കോടതി ഉത്തരവിൽ വ്യക്തമാക്കി.

സുപ്രീംകോടതിയുടെ വിധിയനുസരിച്ച് തങ്ങൾക്ക് ഒന്നിച്ച് ജീവിക്കാൻ അവകാശമുണ്ടെന്നാണ് ആദില നസ്രിൻ ഹർജിയിൽ പറഞ്ഞിരുന്നത്. കോടതിയും പൊലീസും തങ്ങൾക്കൊപ്പം നിൽക്കണമെന്നാണ് ഹർജിയിൽ ആദില ആവശ്യപ്പെട്ടത്. തന്റെ പങ്കാളി ഫാത്തിമയെ ബന്ധുക്കൾ ബലം പ്രയോഗിച്ച് പിടിച്ചുവച്ചിരിക്കുന്നുവെന്ന് കാട്ടി ചൊവ്വാഴ്‌ചയാണ് ആദില കോടതിയെ സമീപിച്ചത്.

സൗദിയിൽ പ്ളസ് വൺ പഠനകാലത്ത് സുഹൃത്തുക്കളായ ആദിലയും നൂറയും പിന്നീട് പ്രണയത്തിലായി. എന്നാൽ ഇവരുടെ ബന്ധുക്കൾ ഈ ബന്ധം വിലക്കി. ഒരുമിച്ച് ജീവിക്കാൻ ശ്രമിച്ചപ്പോൾ ബലപ്രയോഗം വഴി അകറ്റി. ഫാത്തിമ നൂറയെ കോടതിയിൽ ഹാജരാക്കാൻ ബിനാനിപുരം പൊലീസിന് കോടതി നിർദ്ദേശം നൽകി. തുടർന്ന് ആദിലയെയും ചേംബറിലേക്ക് വിളിച്ചുവരുത്തി. തുടർന്ന് ഇരുവരെയും പ്രായപൂർത്തിയായവർ‌ക്ക് ഒന്നിച്ച് ജീവിക്കാൻ വിലക്കില്ലെന്ന് കാട്ടി ഒരുമിച്ച് ജീവിക്കാൻ അനുവദിക്കുകയായിരുന്നു.