ente-keralam

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ ഒന്നാംവാർഷികം പ്രമാണിച്ച് തലസ്ഥാനത്തെ കനകകുന്നിൽ നടക്കുന്ന 'എന്റെ കേരളം' മെഗാമേളയ്ക്ക് ബുധനാഴ്‌ച സമാപനമാകും. വിവിധ സർക്കാർ വകുപ്പുകൾ ഒരുക്കിയിരിക്കുന്ന സ്റ്റാളുകൾക്ക് മികച്ച പ്രതികരണമാണ് പൊതുജനങ്ങളിൽ നിന്നും ലഭിക്കുന്നത്.

സേവന സ്റ്റാളുകളിൽ വിവിധ സേവനങ്ങൾ തേടിയെത്തുന്നവർ നിരവധിയാണ്. കേരളത്തിൽ അന്യംനിന്നുകൊണ്ടിരിക്കുന്ന ചെറുകിട വ്യവസായ ഉൽപ്പന്നങ്ങളായ കുട്ട, വട്ടി, മുറം തുടങ്ങിയവയ്ക്കും കയർ ഉത്പന്നങ്ങൾക്കും മികച്ച വിപണന സാദ്ധ്യതയാണ് തുറന്ന് കിട്ടിയിരിക്കുന്നത്. കൊവിഡ് പ്രതിസന്ധിയിൽ തകർച്ച നേരിട്ട വ്യാപാരികൾക്ക് കമ്പോളം തിരികെ പിടിക്കാനുള്ള അവസരവും മേളയിലൂടെ ലഭിച്ചു.

കുടുംബശ്രീ പ്രവർത്തകരുടെ സ്റ്റാളുകൾ സ്ത്രീശാക്തീകരണത്തിന്റെ നേർക്കാഴ്ച്ചയാണ്. കുടുംബശ്രീയും മസ്‌ക്കറ്റ് ഹോട്ടലും എല്ലാം ചേർന്ന് ഒരുക്കിയിട്ടുള്ള ഭക്ഷ്യമേളയും നിരവധിപേരെ ആകർഷിച്ചു. മസ്‌ക്കറ്റ് ഹോട്ടലിലെ ജീവനക്കാർ തയ്യാറാക്കുന്ന 31 ഇനം ദോശകളും ദിവസവും നടക്കുന്ന സാംസ്‌കാരിക പരിപാടികളുമെല്ലാ വലിയ തോതിൽ ജനങ്ങളെ ആകർഷിച്ചു.