poonam

പനാജി: ഗോവയിലെ കാനക്കോണയിൽ ഡാം പരിസരത്ത് അശ്ലീല വീഡിയോ നിർമ്മിക്കുകയും അത് പ്രചരിപ്പിക്കുകയും ചെയ്‌ത കേസിൽ മോഡലും നടിയുമായ പൂനം പാണ്ഡെയ്‌ക്കും മുൻ ഭർത്താവ് സാം അഹ്‌മദ് ബോംബെയ്‌ക്കും എതിരെ ഗോവ പൊലീസ് കുറ്റപത്രം സമർപ്പിച്ചു.

കാനക്കോണ ഒന്നാംക്ളാസ് മജിസ്‌ട്രേറ്റിനാണ് കുറ്റപത്രം സമർപ്പിച്ചത്. സംഭവം സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതുവഴി പൊതുജനങ്ങൾക്ക് ശല്യവുമായെന്ന് കുറ്റപത്രത്തിലുണ്ട്. പൊതുസ്ഥലത്ത് സഭ്യമല്ലാത്ത തരത്തിൽ നൃത്തവും അഭിനയവും അടങ്ങിയ വീഡിയോ പൂനം പാണ്ഡെ തന്റെ ഇൻസ്‌റ്റഗ്രാം അക്കൗണ്ട് വഴിയാണ് ഷെയർ ചെയ്‌തത്.

ജലവിഭവ വകുപ്പിലെ അസിസ്‌റ്റന്റ് എഞ്ചിനീയർ നൽകിയ പരാതിയിൽ പൂനത്തിനും മുൻ ഭർത്താവ് സാം ബോംബെയ്‌ക്കുെതിരെ കാനക്കോണ പൊലീസ് കേസ് രജിസ്‌റ്റർ ചെയ്‌തു. ചപോലി അണക്കെട്ട് പരിസരത്താണ് നടി അശ്ളീല വീഡിയോ ചിത്രീകരിച്ചത്. കേസിൽ 39 സാക്ഷികളുടെ മൊഴിയെടുത്തു. 2020 നവംബറിൽ നടന്ന സംഭവത്തിൽ പൂനത്തിനെയും സാമിനെയും പൊലീസ് അറസ്‌റ്റ് ചെയ്‌ത് ജാമ്യത്തിൽ വിട്ടിരുന്നു. ഇന്ത്യൻ ശിക്ഷാനിയമം 447, 292,293,294 വകുപ്പുകളനുസരിച്ചാണ് കേസെടുത്തത്. ക്രിമിനൽ അതിക്രമം, അസഭ്യത, പൊതുയിടത്ത് അശ്ളീലചുവയുള‌ള പാട്ട് പാടുകയോ ചൊല്ലുകയോ ചെയ്യുക, സ്‌ത്രീകളെ അപകീർത്തിപ്പെടുത്തുക എന്നീ വകുപ്പനുസരിച്ചായിരുന്നു കേസ്.