
കൊച്ചി: തൃക്കാക്കരയിൽ കള്ളവോട്ട് പിടികൂടിയതിന് പിന്നാലെ ആരോപണ പ്രത്യാരോപണങ്ങളുമായി മുന്നണികൾ കളം നിറയുന്നതിനിടെ പരിഹാസവുമായി യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ. വളഞ്ഞ വഴിയിലൂടെ യുഡിഎഫിന്റെ ഭൂരിപക്ഷം കുറയ്ക്കാൻ കഴിയുമോ എന്നാണ് സിപിഎം തുടക്കം തൊട്ട് പരീക്ഷിക്കുന്നതെന്നും എന്നാൽ ഒന്നും വേണ്ട പോലെ ഏൽക്കുന്നില്ലെന്ന് കണ്ടപ്പോൾ ഇറക്കിയ അടുത്ത ആയുധമാണ് കള്ളവോട്ടെന്ന് രാഹുൽ മാങ്കൂട്ടത്തിൽ ഫേസ്ബുക്കിൽ കുറിച്ചു.
സിപിഎം നേതാവും തൃക്കാക്കരയിലെ മുൻ ഇടതുപക്ഷ സ്ഥാനാർത്ഥിയുമായിരുന്ന സ്വരാജിനെ പേരെടുത്ത് പറഞ്ഞ് ഇട്ട പോസ്റ്റിൽ വ്യാജ ഐഡി കാർഡ് കൊടുത്ത് വിട്ട മറ്റൊരു സിപിഎം നേതാവിനെ കൂടി കള്ളവോട്ട് ചെയ്യുന്നതിൽ നിന്ന് തടഞ്ഞ്, യുഡിഎഫ് പൊലിസിനെ ഏല്പിച്ചിട്ടുണ്ടെന്നും കരം അടച്ച രസീതുമായി പെട്ടെന്ന് സ്റ്റേഷനിൽ എത്താൻ നോക്കാനും ആവശ്യപ്പെടുന്നുണ്ട്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം
ശ്രീ. സ്വരാജ്,
നാണമില്ലെ താങ്കൾക്ക്?
വളഞ്ഞ വഴിയിലൂടെ UDF ഭൂരിപക്ഷം കുറയ്ക്കുവാൻ കഴിയുമോയെന്നാണ് CPIM തൃക്കാക്കരയിൽ തുടക്കം തൊട്ട് പരീക്ഷിക്കുന്ന തന്ത്രം.
ആ കുതന്ത്രത്തിന്റെ ഭാഗമായ ഒരുപാട് നാടകങ്ങൾ നമ്മൾ കണ്ട്. ഒന്നും വേണ്ട പോലെ ഏല്ക്കുന്നില്ലായെന്ന് കണ്ട CPIM ഇറക്കിയ അടുത്ത ആയുധമാണ് കള്ളവോട്ട്.
കളളവോട്ട് തടയാൻ വലിയ ജാഗ്രതയും തയ്യാറെടുപ്പുമാണ് ഞങ്ങൾ നടത്തിയിരിക്കുന്നത് എന്ന് പല തവണ ഓർമ്മിപ്പിച്ചതാണ്. എന്നിട്ടും നിങ്ങൾ കള്ള വോട്ട് ചെയ്യാൻ വ്യാജ തിരിച്ചറിയൽ കാർഡ് കൊടുത്ത് ആളെ വിടുന്നു, ഞങ്ങൾ കൈയ്യോടെ പിടികൂടുന്നു.
നാണമില്ലെ മിസ്റ്റർ സ്വരാജ് തൃക്കാക്കരക്കാരുടെ ജനഹിതത്തെ വെല്ലുവിളിക്കാനും, അവരുടെ വോട്ട് നിയമവിരുദ്ധവും ജനാധിപത്യവിരുദ്ധവുമായ മാർഗത്തിലൂടെ മറ്റൊരാളെ കൊണ്ട് ചെയ്യിക്കാനും.
എന്തായാലും താങ്കൾ വ്യാജ കാർഡ് കൊടുത്ത് വിട്ട മറ്റൊരു CPIM നേതാവിനെ കൂടി കള്ളവോട്ട് ചെയ്യുന്നതിൽ നിന്ന് തടഞ്ഞ്, ഞങ്ങൾ പോലിസിനെ ഏല്പിച്ചിട്ടുണ്ട്. കരം അടച്ച രസീതുമായി പെട്ടെന്ന് സ്റ്റേഷനിൽ എത്താൻ നോക്കു.