modi

ഷിംല: ഹിമാചൽ പ്രദേശിൽ സന്ദർശനം നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മനസ് കുളിർപ്പിച്ച് ഒരു പെൺകുട്ടി. താൻ വരച്ച മോദിയുടെ അമ്മയുടെ ചിത്രമാണ് പെൺകുട്ടി അദ്ദേഹത്തിന് സമ്മാനമായി നൽകിയത്. ഷിംലയിൽ റോഡ് ഷോയ്ക്കിടെയാണ് തന്റെ അമ്മ ഹീരാബെൻ മോദിയുടെ ചിത്രവുമായി ആൾക്കൂട്ടത്തിനിടയിൽ ഒരു പെൺകുട്ടി നിൽക്കുന്നത് മോദിയുടെ ശ്രദ്ധയിൽപ്പെടുന്നത്. ഉടൻ തന്നെ തന്റെ വാഹനവ്യൂഹം നിർത്തി പുറത്തിറങ്ങിയ മോദി ആൾക്കൂട്ടത്തിനടുത്തേക്ക് ചെന്ന് പെൺകുട്ടിയെ പരിചയപ്പെട്ടു.

പെൺകുട്ടിയുടെ പേര് എന്താണെന്ന് ചോദിച്ച മോദിയോട് തന്റെ പേര് അനു എന്നാണെന്നും ഷിംല സ്വദേശിയാണെന്നും താൻ വരച്ച ഈ ചിത്രം പ്രധാനമന്ത്രിക്ക് നൽകുന്നതിന് വേണ്ടി കാത്തുനിൽക്കുകയായിരുന്നെന്നും പെൺകുട്ടി അറിയിച്ചു. ഒരു ദിവസമെടുത്താണ് ഹീരാബെൻ മോദിയുടെ ചിത്രം പൂർത്തിയാക്കിയതെന്നും ഇതു പോലെ മോദിയുടെ ചിത്രവും വരച്ചിട്ടുണ്ടെന്നും അത് ഡെപ്യൂട്ടി കമ്മീഷണറുടെ ഓഫീസ് വഴി പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് അയച്ചെന്നും പെൺകുട്ടി മറുപടി നൽകി.തന്റെ കാൽതൊട്ട് വന്ദിച്ച പെൺകുട്ടിയെ അനുഗ്രഹിച്ച ശേഷമാണ് മോദി തന്റെ യാത്ര തുടർന്നത്.

Earlier today: PM Modi stopped his car to accept the painting by a girl in Shimla featuring PM's mother Hiraben Modi pic.twitter.com/co1np42Dih

— DeshGujarat (@DeshGujarat) May 31, 2022

ഗരീബ് കല്യാൺ സമ്മേളനത്തിൽ പങ്കെടുക്കുന്നതിന് വേണ്ടി ഇന്ന് രാവിലെയാണ് പ്രധാനമന്ത്രി ഷിംലയിൽ എത്തിയത്. പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിക്ക് കീഴിൽ 10 കോടിയിലധികം ഗുണഭോക്താക്കൾക്കായി 21000 കോടി രൂപയുടെ പദ്ധതികൾ പ്രധാനമന്ത്രി ഇന്ന് പ്രഖ്യാപിച്ചു. സമ്മേളനത്തിനിടെ കേന്ദ്ര സർക്കാരിന്റെ വിവിധ ക്ഷേമ പദ്ധതികളെക്കുറിച്ച് രാജ്യത്തുടനീളമുള്ള ജനപ്രതിനിധികളുടെ അഭിപ്രായവും പ്രധാനമന്ത്രി ആരാഞ്ഞു.