police

മൂന്നാർ: യുവതി ജീവനൊടുക്കിയ സംഭവത്തിൽ പങ്കാളിത്തമുള‌ള സിവിൽ പൊലീസ് ഓഫീസറെ പിരിച്ചുവിട്ടു. ശാന്തമ്പാറ സ്‌റ്റേഷനിൽ സിപിഒ ആയിരുന്ന കൊന്നത്തടി സ്വദേശിയായ ശ്യാംകുമാറിനെ(32)യാണ് സർവീസിൽ നിന്നും പിരിച്ചുവിട്ടത്. നല്ലതണ്ണി സ്വദേശിയും മൂന്നാർ സോത്തുപാറ സർക്കാർ സ്‌കൂളിലെ വനിതാ കൗൺസിലറുമായിരുന്ന ഷീബ ഏയ്ഞ്ചൽ റാണി(27) തൂങ്ങിമരിച്ച കേസിലാണ് ജില്ലാപൊലീസ് മേധാവി ആർ.കറുപ്പസ്വാമി ഇയാളെ പുറത്താക്കിയത്.

2021 ഡിസംബർ 31നാണ് ഷീബയെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. മൂന്നാർ പൊലീസ് സ്‌റ്റേഷനിൽ ഡ്രൈവറായ ശ്യാംകുമാറും ഷീബയും പ്രണയത്തിലായിരുന്നു. എന്നാൽ വിവാഹിതനായിരുന്നു ശ്യാകുമാർ. വിവാഹബന്ധം തകർന്നതായും ഷീബയെ വിവാഹം ചെയ്യുമെന്നും ഇയാൾ ഉറപ്പ് നൽകിയിരുന്നു. എന്നാൽ ശാന്തൻപാറയിലേക്ക് സ്ഥലംമാറ്റമായതോടെ ഇയാൾ വാക്ക് മാറ്റി. ഇതിന്റെ ദു:ഖത്തിലാണ് ഷീബ ആത്മഹത്യ ചെയ്‌തതെന്നാണ് വിവരം. ശ്യാംകുമാറിനെതിരെ പൊലീസ് കേസെടുക്കുമെന്നാണ് സൂചന. ഷീബയുടെയും ശ്യാമിന്റെയും ബന്ധം സൂചിപ്പിക്കുന്ന ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഷീബയുടെ ബന്ധുക്കൾ നൽകിയ പരാതിയിൽ നാർക്കോട്ടിക്‌ സെൽ ഡിവൈ‌എസ്‌പി എ.ജി ലാൽ നടത്തിയ അന്വേഷണത്തിൽ ശ്യാംലാൽ കുറ്റക്കാരനാണെന്ന് തെളിഞ്ഞിരുന്നു.