santhosh-trophy

കേരളവും ബംഗാളും തമ്മിലുള്ള സന്തോഷ്ട്രോഫി ഫൈനൽ ഇന്ന്, കിക്കോഫ് രാത്രി എട്ടിന് മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ

മലപ്പുറം: ഇന്നലെ മാനത്ത് ശവ്വാൽ പിറ കണ്ടില്ലെങ്കിലും കാൽപ്പന്ത് ആരാധകർക്ക് ഇന്ന് പെരുന്നാളൊരുക്കാൻ മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ സന്തോഷ് ട്രോഫി ഫൈനലിൽ കേരളവും പശ്ചിമ ബംഗാളും ഏറ്റുമുട്ടും. പയ്യനാട് സ്റ്റേഡിയത്തിൽ രാത്രി എട്ട് മുതലാണ് മത്സരം.

ആറ് തവണ സന്തോഷ് ട്രോഫി ചാമ്പ്യന്മാരായ കേരളം ഏഴാം കിരീടമുറപ്പിക്കാനായിരിക്കും ക്യാപ്ടൻ ജിജോ ജോസഫിന്റെ നേതൃത്വത്തിൽ മൈതാനത്തിറങ്ങുക. 32 തവണ സന്തോഷ് ട്രോഫി കിരീടം ചൂടിയ ബംഗാളിനിത് 33ാം കിരീടത്തിനായുള്ള പോരാട്ട മൈതാനവുമായിരിക്കും. കേരളവും ബംഗാളും മുമ്പ് മൂന്ന് തവണയാണ് ഫൈനലിൽ ഏറ്റുമുട്ടിയത്. 1989,1994 വർഷങ്ങളിൽ ബംഗാൾ ജേതാക്കളായി. 2018ലാണ് ആദ്യമായി കേരളം ബംഗാളിനെതിരെ കിരീടം നേടിയത്. പ്രാഥമിക ഗ്രൂപ്പ് മത്സരങ്ങളിൽ ഒരു സമനിലയും മൂന്ന് ജയവുമായാണ് കേരളം സെമിയിലെത്തിയിരുന്നത്. സെമിയിൽ ക‌ർണാടകയെ പരാജയപ്പെടുത്തിയാണ് കേരളം ഫൈനൽ ടിക്കറ്റെടുത്തത്. പ്രാഥമിക മത്സരത്തിൽ ഒരു തോൽവിയും മൂന്ന് ജയവുമായി ഗ്രൂപ്പിൽ രണ്ടാം സ്ഥാനക്കാരായാണ് ബംഗാൾ സെമി കളിച്ചത്. സെമിയിൽ മണിപ്പൂരിനെ പരാജയപ്പെടുത്തി ഫൈനലുറപ്പിച്ചു.

ഫൈനലിലേക്കുള്ള വഴി

കേരളം

1.രാജസ്ഥാനെ മറുപടിയില്ലാത്ത അഞ്ച് ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് കേരളത്തിന്റെ സന്തോഷ് ട്രോഫി ഫൈനൽ റൗണ്ട് തുടക്കം.

2.വെസ്റ്റ് ബംഗാളുമായുള്ള രണ്ടാം മത്സരത്തിൽ ബംഗാളിനെയുെം എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് കേരളം പരാജയപ്പെടുത്തി.

3.മേഘാലയയുമായുള്ള മൂന്നാം മത്സരത്തിൽ 2-2 സമനിലയിൽ കളി അവസാനിച്ചത് കേരളത്തിന്റെ പാളിച്ചകളെ തുറന്നു കാട്ടുന്നതായിരുന്നു.

4.പാളിച്ചകൾ തിരുത്തി കൊണ്ട് നാലാം മത്സരത്തിൽ പഞ്ചാബിനെ 2-1ന് പരാജയപ്പെടുത്തി സെമി ടിക്കറ്റെടുത്തു.

5.സെമിയിൽ എതിരാളികളായിരുന്ന ക‌ർണാടകയെ 7-3ന് പരാജയപ്പെടുത്തിയാണ് ഫൈനൽ പ്രവേശനം നേടിയത്.

ഇതുവരെ കേരളം നേടിയ ഗോളുകൾ- 18

വഴങ്ങിയ ഗോളുകൾ -ആറ്

പശ്ചിമ ബംഗാൾ

1.ഫൈനൽ റൗണ്ടിലെ ആദ്യ മത്സരത്തിൽ പഞ്ചാബിനെ എതിരില്ലാത്ത ഒരു ഗോളിന് പരാജയരപ്പെടുത്തിയാണ് ബംഗാളിന്റെ വിജയ തുടക്കം

2.കേരളവുമായുള്ള രണ്ടാം മത്സരത്തിൽ രണ്ട് ഗോളുകൾക്ക് ബംഗാൾ പരാജയപ്പെട്ടു

3.മൂന്നാം മത്സരത്തിൽ മേഘാലയയെ 4-3ന് പരാജയപ്പെടുത്തി

4.രാജസ്ഥാനെതിരെ മറുപടിയില്ലാത്ത നാല് ഗോളുകൾ നേടിയാണ് സെമി പ്രവേശനം ഉറപ്പാക്കിയത്.

5.സെമി ഫൈനലിൽ മണിപ്പൂരിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തിയതോടെ ബംഗാൾ ഫൈനൽ ടിക്കറ്റുറപ്പിച്ചു.

ഇതുവരെ ബംഗാൾ നേടിയ ഗോളുകൾ- 12

വഴങ്ങിയ ഗോളുകൾ -മൂന്ന്

കേരളം-ബംഗാൾ ഫൈനൽ കടുപ്പമേറിയ മത്സരമായിരിക്കും. മത്സരത്തിൽ ഹാഫ് ചാൻസുകൾ മുതലാക്കുന്നവർക്ക്‌ ഫൈനൽ ജയിക്കാനാകും. കേരളത്തിന്റെയും ബംഗാളിന്റെയും ശൈലി ഒരേപോലെയാണ്. കേരളാ പരിശീലകൻ ബിനോ ജോർജ്ജ് അടുത്ത സുഹൃത്തുമാണ്. പക്ഷെ ഫൈനലിലെ 90 മിനിട്ടിൽ അദ്ദേഹം എന്റെ ശത്രുവായിരിക്കും. കേരളത്തിനെതിരെയുള്ള ആദ്യ മത്സരത്തിൽ ബംഗാൾ മികച്ച പ്രകടനം കാഴ്ചവെച്ചു. എന്നാൽ മത്സരത്തിന്റെ അവസാന മിനുട്ടുകളിൽ ആരാധകരുടെ ആവേശം കാരണം ടീമിനെ ചില താരങ്ങൾ നേർവസായി. മലപ്പുറത്തെ ആരാധകർ മികച്ചതാണ്.

ബംഗാൾ പരിശീലകൻ,രഞ്ജൻ ഭട്ടാചാര്യ

ആക്രമിച്ച് കളിക്കുകയാണ് കേരളത്തിന്റെ ശൈലി. അതിൽ മാറ്റമുണ്ടാകില്ല. കീരീടമാണ് ലക്ഷ്യം,അതുകൊണ്ട് ഫൈനൽ ഒരു ഡൂ ഓർ ഡൈ മത്സരമായിരിക്കും. അർജ്ജുൻ ജയരാജ്, അജയ് അലക്സ്, ജെസിൻ എന്നിവർക്ക് ചെറിയ പരിക്കുണ്ട്. എന്നാൽ ഇത് പരാതി പറഞ്ഞ് നിൽക്കേണ്ട സമയമല്ല. കർണാടകയ്ക്ക് എതിരെ വരുത്തിയ പിഴവുകൾ നികത്തി മുന്നോട്ട് പോകും. ആരാധകർക്ക് മികച്ച പ്രകടനം തന്നെ കാഴ്ചവെക്കും.

കേരളാ പരിശീലകൻ, ബിനോ ജോർജ്ജ്