football
സന്തോഷ്‌ ട്രോഫി ഫുട്‍ബോളിൽ ചാമ്പ്യന്മാരായ കേരള ടീം - ഫോട്ടോ: അഭിജിത്ത് രവി

മലപ്പുറം: പെരുന്നാൾ സമ്മാനമായി സന്തോഷ് ട്രോഫിയും മനം നിറയെ നിലയ്ക്കാത്ത ആവേശവുമായാണ് ആയിരങ്ങൾ തിങ്കളാഴ്ച രാത്രി പയ്യനാട് സ്റ്റേഡിയം വിട്ടത്. റംസാനിലെ അവസാന നോമ്പുമെടുത്ത് പെരുന്നാൾ രാവ് ആഘോഷിക്കാൻ പയ്യനാട് സ്റ്റേഡിയത്തിലെത്തിയ മലപ്പുറത്തെ ഫുട്ബാൾ ആരാധകരെ കേരള ടീം അക്ഷരാർത്ഥത്തിൽ ആവേശത്തിൽ ആറാടിക്കുക തന്നെ ചെയ്തു.

ബംഗാൾ ആദ്യ ഗോളടിച്ചതോടെ ആരാധകരുടെ ഹൃദയമിടിപ്പ് നിലച്ച പ്രതീതിയായിരുന്നു. പക്ഷേ, ആവേശത്തിന്റെ ഡോസ് കുറയ്ക്കാതെ ടീമിനൊപ്പം അവർ നിന്നു. അധിക സമയത്തിന്റെ അവസാന മിനിറ്റുകളിൽ കേരളം ഗോൾ മടക്കിയതോടെ ആവേശം ആ‌ർത്തലച്ചു. കേരളത്തെ പുകഴ്ത്തിയുള്ള പാട്ടുകൾ സ്റ്റേഡിയത്തിൽ മുഴങ്ങി. കപ്പ് കേരളത്തിന് തന്നെ എന്ന് ഗാലറി ഉറപ്പിച്ച നിമിഷങ്ങൾ... പിന്നീടുള്ള കേരളത്തിന്റെ ഓരോ നീക്കങ്ങൾക്കും നിലയ്ക്കാത്ത കൈയടി. ഷൂട്ടൗട്ടിലേക്കെത്തിയതോടെ ആക്ഷാംക്ഷയുടെ പരകോടിയിൽ ആരാധകരെത്തി.

കളി പഠിച്ച് ബംഗാൾ, കളി മാറ്റി കേരളം

കേരളത്തിന്റെ മുഴുവൻ നീക്കങ്ങളും മനസിലാക്കിയാണ് ബംഗാൾ മൈതാനത്തിറങ്ങിയതെന്ന് കേരള കോച്ച് ബിനോ ജോർജ് പറഞ്ഞു. കേരളത്തിന് ലഭിച്ച നിരവധി അവസരങ്ങൾ അവർ ശക്തമായി പ്രതിരോധിച്ചു. ഒടുവിൽ മൈതാനത്ത് കുറച്ചധിക സമയം ഇരു ടീമുകളുടേയും പ്രതിരോധക്കാർ തമ്മിലുള്ള ആക്രമണ മത്സരമായിരുന്നു. ആദ്യ 90 മിനിറ്റ് ഇരു ടീമുകളും ആക്രമിച്ച് കളിച്ചെങ്കിലും ഗോൾരഹിതമായിരുന്നു. അധിക സമയത്ത് മൈതാനത്തെ അടവുകളിൽ മാറ്റങ്ങൾ വരുത്തിയെങ്കിലും ഇരുടീമിലെയും താരങ്ങൾക്ക് സ്റ്റാമിന നഷ്ടപ്പെട്ട പോലെയായിരുന്നു. കേരളവും ബംഗാളും പകരക്കാരെ ഇറക്കി പരീക്ഷണങ്ങൾ നടത്തി. കേരളത്തിന് വേണ്ടി ഗോൾ നേടിയ സഫ്നാദും പാസെടുത്ത നൗഫലും പകരക്കാരാണ്. കളിയുടെ വിവിധ സമയങ്ങളിൽ നൗഫലിന്റെ നിരവധി മുന്നേറ്റങ്ങളുണ്ടായെങ്കിലും ബോക്സിൽ പാസെടുക്കുന്നതിലും ഷോട്ടെടുക്കുന്നതിലും വീഴ്ച്ച പറ്റിയതിനെതുടർന്ന് പലതും ലക്ഷ്യം കണ്ടില്ല. ഒടുവിൽ ബംഗാൾ ആദ്യ ഗോൾ നേടി. കേരളത്തിന്റെ നിരവധി ഷോട്ടുകൾ ബംഗാളിന്റെ കരുത്തനായ ഗോൾകീപ്പ‌ർ പ്രിയന്ത് നിഷ്‌പ്രയാസം തടുത്തിട്ടു. ബംഗാളെടുത്ത നിരവധി ഷേട്ടുകൾ കേരളത്തിന്റെ പോസ്റ്റിൽ മിഥുനും തട്ടിത്തെറിപ്പിച്ചു. വിഘ്നേഷിന് ലഭിച്ച മികച്ച അവസരങ്ങൾ പാഴാക്കി. പിന്നീട് വിഘ്നേഷിന് പകരം ജെസിനെത്തി നിരവധി മുന്നേറ്റങ്ങളും ഗോളവസരങ്ങളുമൊരുക്കി. ലക്ഷ്യം കാണാൻ ബംഗാൾ പ്രതിരോധ താരങ്ങൾ വിലങ്ങു തടിയായിരുന്നു. ഗാലറിയിൽ ആശങ്ക പരന്നതോടെ മൈതാനത്ത് കുപ്പികൾ എറിഞ്ഞ് സങ്കടവും ദേഷ്യവും തീ‌ർത്തവരുമുണ്ടായിരുന്നു. ഒടുവിൽ കേരള താരങ്ങളെത്തി കുപ്പികൾ നീക്കി. കളി തുടർന്നതോടെ ബംഗാളിന്റെ പോസ്റ്റിലേക്ക് ആദ്യ ഗോൾ തറച്ചു. ഗാലറിയുടെ ആറാട്ടുത്സവം നടന്ന സമയമായിരുന്നുവത്.

പെനാൽറ്റിയിലെ മാജിക്

സമനില പിടിച്ച് വാശിയോടെ പെനാൽറ്റി ഷൂട്ടൗട്ടിലെത്തിയപ്പോൾ ആരാധക ഹൃദയങ്ങളിടിക്കുന്നുണ്ടായിരുന്നു. ബംഗാളിന്റെ ആദ്യ ഗോൾ പിറന്നപ്പോൾ ഗാലറി നിശബ്ദമായി. സഞ്ജുവെത്തി കേരളത്തിന് ആദ്യ ഗോൾ നേടി. ആവേശഭരിതമായ ഗാലറി സെക്കന്റുകൾക്കകം നിശബ്ദമായി ബംഗാളിന്റെ അടുത്ത ഊഴത്തിൽ കണ്ണുകളർപ്പിച്ചു. ബംഗാൾ താരമെടുത്ത ഷോട്ട് ബാറിന് മുകളിലൂടെ പറന്ന് പോയി. കേരളം മുഴുവൻ ഗോളുകളും നേടി വിജയമുറപ്പിച്ചു.

പെരുന്നാൾ പൂത്തിരി

അവസാന ഗോളിന് ശേഷം ജിജോ ജോസഫും കൂട്ടരും ഓടിയടുത്തത് ഗാലറിയെ അഭിമുഖീകരിക്കാനായിരുന്നു. ഇരിപ്പിടങ്ങളിൽ നിന്ന് എണീറ്റ് നിന്ന ആരാധക‌ർ ഇരുകൈകളും മേലോട്ടുയർത്തി താളത്തിനൊത്ത് വീശി. ഒപ്പം കേരള താരങ്ങളും പങ്കുചേർന്നതോടെ ഗാലറി വർണ്ണവിസ്മയമായി. ഗാലറിക്ക് നടുവിൽ മേശപ്പൂത്തിരി കത്തിച്ച് വർണാഭമാക്കി. ഉടനെ സ്റ്റേഡിയത്തിന്റെ പിറകവശത്ത് നിന്നും പൂത്തിരികൾ ആകാശത്തേക്ക് ഉയർന്നു. ഏറെ നേരം ആകാശത്തെ വർണ വിസ്മയമാക്കിയാണ് സന്തോഷ് ട്രോഫിക്ക് സമാപനമായത്.

മഞ്ഞപ്പടയും കപ്പും

മത്സരം ആരംഭിച്ച ദിവസം മുതൽ ഗാലറിക്ക് നടുവിലായി മഞ്ഞപ്പട എന്ന ബോർഡ് സ്ഥാപിച്ചിരുന്നു. ജയിച്ചതോടെ ആവേശഭരിതരായ മഞ്ഞപ്പടക്കാർ മൈതാനത്തേക്ക് ഓടിയെത്തി. ആൾ കൂടുന്നത് നിയന്ത്രിക്കാൻ പൊലീസും നന്നായി കഷ്ടപ്പെട്ടു. മത്സരം കഴിഞ്ഞ് ഒരു മണിക്കൂറായിട്ടും ഗാലറി ഒഴിഞ്ഞിരുന്നില്ല. 26000ത്തിന് മുകളിൽ വരുന്ന ആരാധക ഹൃദയങ്ങൾ കപ്പ് കൈയിലെടുക്കും വരെ ഇരിപ്പിടത്തിൽ ഇരിപ്പുറപ്പിച്ചിരുന്നു. കളി ആരംഭിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് തന്നെ ഗാലറിയിലെ ഇരിപ്പിടങ്ങൾ മുഴുവനായി. എന്നിട്ടും ജനങ്ങളുടെ പയ്യനാട്ടേക്കുള്ള ഒഴുക്ക് നിലച്ചിരുന്നില്ല. ടിക്കറ്റെടുത്തവർക്ക് സീറ്റ് കിട്ടാത്തത് കാരണം പുറത്ത് വിഷമിച്ച് ഇരിക്കുന്ന സ്ഥിതിയുമുണ്ടായി. ഗാലറി നിറഞ്ഞ് കവിഞ്ഞപ്പോൾ മൈതാനത്തെ ഫെൻസിംഗിന് ചുറ്റും നിന്ന് കൊണ്ടും ആളുകൾ മത്സരം വീക്ഷിച്ചു.