f
ദിൽന ഷെറിൻ

പെരിന്തൽമണ്ണ: മേയ് ഒമ്പത് മുതൽ മണിപ്പൂരിലെ ഇംഫാലിൽ നടക്കുന്ന ഹോക്കി ഇന്ത്യ ദേശീയ സബ് ജൂനിയർ ഗേൾസ് ഹോക്കി ചാമ്പ്യൻഷിപ്പിൽ സ്പ്രിന്റ് കടുങ്ങപുരം ടീം ക്യാപ്ടൻ എ. ദിൽന ഷെറിൻ കേരളത്തിന്റെ ജഴ്സിയണിഞ്ഞ് കളത്തിലിറങ്ങും.

മുൻനിരയിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്ന ഈ മിടുക്കി കൊല്ലം ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടന്ന സംസ്ഥാന സബ് ജൂനിയർ ഹോക്കി ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത് മൂന്നാം സ്ഥാനം കരസ്ഥമാക്കിയ മലപ്പുറം ജില്ലാ ടീം ക്യാപ്ടനായിരുന്നു. സംസ്ഥാന സ്‌കൂൾ ഗെയിംസ് ഹോക്കി ചാമ്പ്യൻഷിപ്, കേരള ഹോക്കി അസോസിയേഷൻ മത്സരങ്ങളിലും ഖൊ ഖൊ ചാമ്പ്യൻഷിപ്പിലും മുൻ വർഷങ്ങളിൽ ദിൽന പങ്കെടുത്തിട്ടുണ്ട്.

ഏപ്രിൽ 24 മുതൽ മേയ് നാല് വരെ കൊല്ലം ഇന്റർനാഷണൽ ഹോക്കി സ്റ്റേഡിയത്തിൽ പരിശീലനം പൂർത്തിയാക്കി കേരള ടീം അഞ്ചിന് മണിപ്പൂരിലേക്ക് പുറപ്പെടും. മേയ് ഒമ്പത് മുതൽ 20വരെ മണിപ്പൂരിലെ ഇംഫാലിലാണ് ദേശീയ മത്സരം നടക്കുന്നത്. ആറ് വർഷമായി കളിക്കാരനായും കോച്ചായും തിളങ്ങുന്ന തൃശൂർ സ്വദേശി പി.സി. ദീപക് സംസ്ഥാന ടീമിന്റെ മുഖ്യ പരിശീലകനും കൊല്ലം സ്വദേശിനി ഷീജ ടീം മാനേജറുമാണ്.

ജില്ലയിൽ നിന്നുള്ള ഏക പെൺകുട്ടി

സംസ്ഥാന മത്സരത്തിൽ പങ്കെടുത്ത ഇരുനൂറ് ഹോക്കി താരങ്ങളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട പതിനെട്ടംഗ സംസ്ഥാന ടീമിലിടം നേടിയ ജില്ലയിലെ ഏക പെൺകുട്ടിയാണ് കടുങ്ങപുരം ഗവൺമെന്റ് ഹയർ സെക്കൻഡറി പത്താം ക്ലാസ് വിദ്യാർത്ഥിനിയായ ദിൽന ഷെറിൻ.
കൊല്ലത്തുനടന്ന സബ് ജൂനിയർ ഹോക്കി ചാമ്പ്യൻഷിപ്പിൽ ജില്ലാ ടീമിന്റെ ക്യാപ്ടനായും മുൻനിര കളിക്കാരിയായും നടത്തിയ മികച്ച പ്രകടനവും സംസ്ഥാന ജൂനിയർ ഹോക്കി ക്യാമ്പിലെ മികച്ച പരിശീലനവുമാണ് ടീമിലിടം നേടാൻ ദിൽനയ്ക്ക് തുണയായത്.

കായികാദ്ധ്യാപകരായ വി. സജാത് സാഹിർ, സി. അലവിക്കുട്ടി, എം. അമീറുദ്ദീൻ എന്നിവരാണ് പരിശീലകർ. കടുങ്ങപുരം അല്ലൂർ ഖാലിദ് ആബിദ ദമ്പതികളുടെ മകളാണ്.