
അപകടം മരുഭൂമിയിൽ വാഹനം മറിഞ്ഞ്
എത്തിയത് പെരുന്നാൾ അവധി ആഘോഷിക്കാൻ
മലപ്പുറം: ഖത്തറിൽ പെരുന്നാൾ അവധി ആഘോഷിക്കുന്നതിനായി മരുഭൂമിയിലെത്തിയ സുഹൃത്ത് സംഘത്തിന്റെ രണ്ട് വാഹനങ്ങളിലൊന്ന് കല്ലിലിടിച്ച് നിയന്ത്രണം വിട്ടുമറിഞ്ഞ് മൂന്ന് മലയാളികൾ മരിച്ചു. ഒരാൾക്ക് സാരമായി പരിക്കേറ്റു. പൊന്നാനി മാറഞ്ചേരി പുറങ്ങ് കുണ്ടുകടവ് കളത്തിൽപടിയിലെ റസാഖ് (31), മലപ്പുറം കീഴുപറമ്പ് മാരാൻകുളങ്ങര ഇയ്യക്കാട്ടിൽ എം.കെ ഷമീം (35), ആലപ്പുഴമാന്നാർ എണ്ണയ്ക്കാട് ഉളുന്തി ഒമ്പതാം വാർഡിൽ മങ്ങാട്ട് സജിത് (39) എന്നിവരാണ് മരിച്ചത്. വാഹനമോടിച്ചിരുന്ന കണ്ണൂർ ഇരിട്ടി ഉളിക്കൽ സ്വദേശി ശരൺജിത് ശേഖരനാണ് സാരമായി പരിക്കേറ്റത്. ഇദ്ദേഹം ഹമദ് മെഡിക്കൽ കോർപ്പറേഷൻ ആശുപത്രിയിൽ ചികിത്സയിലാണ്. സജിത്തിന്റെ ഭാര്യ രേവതി, ഇരട്ടക്കുട്ടികളായ ഒന്നര വയസുള്ള അമേയ, അനേയ എന്നിവർ കാര്യമായ പരിക്കില്ലാതെ രക്ഷപ്പെട്ടു.
ഖത്തറിലെ മുഐതറിലെ വില്ലയിൽ അടുത്തടുത്ത മുറികളിലായി താമസിക്കുന്ന സുഹൃത്തുകൾ രണ്ടുവാഹനങ്ങളിലായി ചൊവ്വാഴ്ച ഉച്ച കഴിഞ്ഞാണ് മിസഈദിലെ മരുഭൂമിയിലേക്ക് പോയത്. ഇതിൽ ഒരു സംഘം സഞ്ചരിച്ചിരുന്ന ലാൻഡ്ക്രൂസറാണ് അപകടത്തിൽപെട്ടത്. മൂന്നുപേരും സംഭവസ്ഥലത്തു വച്ചു തന്നെ മരിച്ചെന്നാണ് വിവരം. തൃശൂർ അകത്തിയൂർ അക്കികാവ് അറക്കൽ അണ്ടിപ്പാട്ടിൽ മുഹമ്മദലിയാണ് റിയൽ എസ്റ്റേറ്റ് മേഖലയിൽ ജോലി ചെയ്തിരുന്ന റസാഖിന്റെ പിതാവ്. മാതാവ് ജമീല. പരേതനായ സുരേന്ദ്രൻ- വത്സല ദമ്പതികളുടെ മകനാണ് വുഖൂദ് പെട്രോൾ സ്റ്റേഷനിൽ ജീവനക്കാരനായ സജിത്ത്. സഹോദരൻ സുജിത്.