പൊന്നാനി: ബിസ്മിയാൽ തുടങ്ങുന്നെ ഞങ്ങളിതാ മംഗള ഗാനം... റഹ്മാനെ നിന്റെ അനുഗ്രഹം...
പുൽപായയിൽ പതിനാറോളം പേർ ചുറ്റുമിരുന്ന് ഈ വരികൾ പാടി തുടങ്ങും. പാട്ട് രണ്ടും മൂന്നും കഴിയുമ്പോൾ വീടിനകത്തുനിന്ന് പുതിയാപ്ലയെത്തും. പാടുന്നവർക്കു നടുവിൽ തലയണയിട്ട് വെള്ളത്തുണി വിരിച്ച് അതിന്മേൽ പുതിയാപ്ലയിരിക്കും. ഈ സമയം ഒസാൻ (ബാർബർ) അങ്ങോട്ടെത്തും. പുതിയാപ്ലയുടെ നെറ്റിയുടെ രണ്ട് അറ്റത്ത് അത്തറ് പൂശി കത്തികൊണ്ട് മുഖഭാഗം വടിക്കുന്ന പോലെ കാണിക്കും. പുതിയാപ്ലയുടെ മുഖം തുടച്ച് ഒസാൻ തിരിച്ചു പോകാനൊരുങ്ങും. പേളയിൽ അരിയും വെറ്റിലയും അടക്കയും തേങ്ങയുമായി ഒസാനുള്ള ദക്ഷിണയുമായി കാര്യസ്ഥൻ വരും. പുതിയാപ്ലയിരുന്ന വെള്ളത്തുണി മടക്കി പേളയിൽ വെക്കും. ഒസാൻ പുറത്തേക്ക് പോകും. പുതിയാപ്ല വീടിനകത്തേക്ക് കയറും.
മൗത്തളയുടെ ഒന്നാം ഘട്ടമാണിത്.
ഏതാണ്ട് അരനൂറ്റാണ്ട് മുൻപു വരെ പൊന്നാനിയിലെ മുസ്ലിം കല്ല്യാണങ്ങളിൽ സജീവമായുണ്ടായിരുന്ന കലാരൂപമാണ് മൗത്തള. രാത്രി എട്ടു മണിക്ക് തുടങ്ങി പാതിരാത്രി ഒരു മണി വരെ നീണ്ടു നിൽക്കുന്നതായിരുന്നു അന്നത്തെ മുസ്ലിം കല്ല്യാണങ്ങൾ. ആൺ കല്ല്യാണങ്ങൾ ക്ഷണിക്കാൻ പോകുന്നവർ മകന്റെ മൗത്തളക്ക് വരണമെന്നാണ് പറയുക. പെൺകുട്ടികളുടെ കല്ല്യാണമാണെങ്കിൽ മൈലാഞ്ചിക്ക് വരണമെന്നും പറയും.
പാട്ടും കൈ കൊട്ടലും പാരമ്യത്തിലേക്കെത്തുന്നതോടെ പുതിയാപ്ല വീണ്ടും പുറത്തേക്ക് വരും. നേരത്തെ ഇരുന്ന പോലെ പാട്ടുകാർക്ക് നടുവിലിരിക്കും. പുതിയാപ്ലയുടെ കഴുത്തിൽ മാല ചാർത്തും. തലയിൽ തലപ്പാവണിയും. പാട്ടിനും കൈ കൊട്ടലിനും വേഗതയേറും.
ഒരു മണിയോടെ പെണ്ണിന്റെ വീട്ടിലേക്കുള്ള പുതിയാപ്ല ഇറക്കമാണ്. ചുറ്റും മൗതള സംഘം അണിനിരക്കും. അടുത്ത കുടുംബക്കാരുമുണ്ടാകും. പെണ്ണിന്റെ വീടെത്തുന്നതു വരെ പാട്ടു പാടിയും കൈകൊട്ടിയും മൗത്തള തുടരും. പെണ്ണിന്റെ വീട്ടിൽ നിന്നാണ് ഭക്ഷണം. അത് കഴിഞ്ഞ് എല്ലാവരും പിരിയും. പുലർച്ചയാകും മൗത്തള സംഘം വീടണയാൻ.
മൗത്തള സംഘത്തിന്റെ ഒഴിവും കല്ല്യാണ തിയതിയും
അന്ന് മൗത്തള സംഘത്തിന്റെ ഒഴിവു കൂടി പരിഗണിച്ചാണ് കല്ല്യാണ തിയ്യതി നിശ്ചയിച്ചിരുന്നത്. ഒട്ടുമിക്ക ദിവസങ്ങളിലും മൗത്തളയുണ്ടാകും. തിരക്കുള്ള സംഘത്തിന്റെ തിയതി കിട്ടണമെങ്കിൽ മാസങ്ങൾ കാത്തിരിക്കണം. പാർസി അബൂബക്കർ എന്ന പാട്ടുകാരൻ കുഞ്ഞിപ്പോക്കരായിരുന്നു മൗത്തളയിലെ പ്രമുഖൻ. രണ്ട് തലമുറക്കിപ്പുറം അദ്ദേഹത്തിന്റെ പിൻഗാമി ഉസൻ കാക്ക മൗത്തളയുടെ വേരറുക്കാതെ പുതിയ തലമുറക്കായി തുടർന്നു. ഇപ്പോൾ അമ്മദും കൂട്ടരുമാണ് മൗതള തുടരുന്നത്. പഴമയെ തേടുന്നവർക്കു മുന്നിൽ മാത്രമാണ് ഇപ്പോഴത്തെ അവതരണം. പൊന്നാനിയിലെ വിദ്യാഭ്യാസ പരിഷ്‌ക്കർത്താവായിരുന്ന ഉസ്മാൻ മാസ്റ്ററായിരുന്നു പ്രധാന മൗത്തള പാട്ടെഴുത്തുകാരൻ. അദ്ദേഹത്തിന്റെ മകൻ അബുബക്കർ മാസ്റ്ററും ഇത് തുടർന്നു.
പാനൂസയിൽ പുനരാവിഷ്‌കരിച്ച് മൗത്തള
പൊന്നാനി നഗരസഭ പാനൂസ എന്ന പേരിൽ സംഘടിപ്പിച്ച പെരുന്നാൾ ആഘോഷരാവിൽ മൗത്തള പുനരാവിഷ്‌ക്കരിച്ചു. കഴിഞ്ഞ തലമുറ ആഘോഷപൂർവ്വം കൊണ്ടു നടന്ന ഈ കലാരൂപത്തെ തികഞ്ഞ ആസ്വാദനത്തോടെയാണ് പുതിയ തലമുറ നെഞ്ചോടു ചേർത്തത്. അമ്മദ് മൗതള ഗാനം ആലപിച്ചു. യു.കെ അയ്യൂബ് പുതിയാപ്ലയായി. പഴയ മൗത്തള കലാകാരന്മാരായ രണ്ട് മുഹമ്മദ്മാരും, ഉസ്മാനും, കുഞ്ഞിമുഹമ്മദും, ഖാലിദും, ഇബ്രാഹിമും, മുത്തുവും കൈകൊട്ടി തിമർത്ത് കളിച്ചു.