fathima-safa

പെരിന്തൽമണ്ണ: ഭർത്താവ് മിനി പിക്കപ്പ് വാനിലുണ്ടാക്കിയ സ്‌ഫോടനത്തിൽ യുവതിയും കുട്ടിയും മരിച്ചു. പൊള്ളലേറ്റതിനെ തുടർന്ന് കിണറ്റിൽ ചാടിയ ഭർത്താവും മരി​ച്ചു. അഞ്ച് വയസുകാരിയായ മകൾ ഷിഫാന ഗുരുതരാവസ്ഥയിൽ കോഴിക്കോട് മെഡിക്കൽ കോളേജിലാണ്.

തുവ്വൂർ തെച്ചിയോടൻ മുഹമ്മദ് (52), ഭാര്യ ജാസ്‌മിൻ (37),​ മകൾ ഫാത്തിമ സഫ (11) എന്നിവരാണ് മരിച്ചത്. മൂത്ത മകൾ ഫർഷിദ (19)​ ഈ സമയം വീട്ടിലായിരുന്നു. കൊണ്ടിപ്പറമ്പ് റോഡിൽ വ്യാഴാഴ്‌ച രാവിലെ 11.15നാണ് സംഭവം. സ്‌ഫോടകവസ്തുക്കൾ നിറച്ച മിനി പിക്കപ്പ് വാനിൽ ഭാര്യയെയും മക്കളെയും കയറ്റി​ സ്‌ഫോടനം നടത്തിയതാണെന്ന് പൊലീസ് പറഞ്ഞു.

jasmine

കാസ‌ർകോട്ട് മത്സ്യക്കച്ചവടം നടത്തുന്ന മുഹമ്മദിനെതിരെ അവിടെ പോക്‌സോ കേസുണ്ട്. ഇതുമായി ബന്ധപ്പെട്ട കുടുംബവഴക്കിനെ തുടർന്നാണ് ഒരുമാസം മുമ്പ് ജാസ്‌മിൻ സ്വന്തം വീട്ടിലെത്തിയത്. പെരുന്നാൾ ആഘോഷത്തിനായി കഴിഞ്ഞ ദിവസം മുഹമ്മദും നാട്ടിലെത്തി. പ്രശ്‌നപരിഹാരത്തിനെന്ന വ്യാജേന ഇന്നലെ ഭാര്യാവീടിന് സമീപമെത്തിയ മുഹമ്മദ്, ജാസ്‌മിനെ ഫോണിൽ വിളിച്ച് കുട്ടികളുമായി എത്താൻ ആവശ്യപ്പെട്ടു. മൂന്ന് പെൺമക്കളാണ് ഇവർക്ക്. മൂത്തപെൺകുട്ടി പിതാവിനെ ഭയന്ന് പോയില്ല. ജാസ്‌മിനെയും രണ്ട് മക്കളെയും പിക്കപ്പ് വാനിൽ കയറ്റി ഡോർ ലോക്ക് ചെയ്തു. ജാ‌സ്‌മിന്റെയും മക്കളുടെയും ദേഹത്തേക്ക് പഞ്ചസാര കലർത്തിയ പെട്രോൾ ഒഴിച്ചു. തീ കെടാതിരിക്കാനാണ് പഞ്ചസാര കലർത്തിയതെന്ന് സംശയിക്കുന്നു.

21 വർഷം മുമ്പായിരുന്നു ഇവരുടെ വിവാഹം. ആദ്യ കുഞ്ഞിനെ ഗർഭം ധരിച്ച കാലയളവിൽ ജാസ്‌മിനെ ഉപേക്ഷിച്ച് മുഹമ്മദ് കാസർകോട്ടേക്ക് പോയി. മറ്റൊരു വിവാഹവും കഴിച്ചു. ഈ ബന്ധം തകർന്നതോടെയാണ് വീണ്ടും ജാസ്‌മിനുമായി അടുത്തത്.

 ക്രൂരതയുടെ ആൾരൂപം

വാഹനത്തിൽ വലിയ ഗുണ്ടുകളും പടക്കം പോലുള്ള സ്‌ഫോടകവസ്‌തുക്കളും വിറകും തീ പിടിക്കുന്ന വസ്‌തുക്കളും നിറച്ചി​രുന്നു. പെട്രോളും ഒഴിച്ചിരുന്നു. ഡ്രൈവർ സീറ്റിലിരുന്ന മുഹമ്മദ് ലൈറ്ററെടുത്ത് കത്തിച്ചതോടെ മകൾ ഫാത്തിമ ജാസ്‌മിന്റെ സഹോദരി റസീനയെ ഫോണിൽ വിളിച്ച് 'ഞങ്ങളെ കൊല്ലാൻ പോവുന്നേ എന്ന് നിലവിളിച്ചു. റസീന ഓടി വന്നപ്പോഴേക്കും തീയിട്ടിരുന്നു. തീപിടിച്ച വാഹനം നിയന്ത്രണം വിട്ട് 20 മീറ്ററോളം താഴെ റബർ തോട്ടത്തിൽ ഇടിച്ചുനിന്നു. പൊള്ളലേറ്റ മുഹമ്മദ് തൊട്ടടുത്തുള്ള കിണറ്റിലേക്ക് ചാടി. കിണറ്റിൽ ചാടിയത് രക്ഷപ്പെടാനോ ആത്മഹത്യയ്‌ക്കാണോ എന്ന് വ്യക്തമല്ലെന്ന് പൊലീസ് പറഞ്ഞു.

റസീന ഇളയ കുട്ടി ഷിഫാനയെ വലിച്ചിറക്കി ഷാൾ കൊണ്ട് തീ കെടുത്തി. വാഹനത്തിൽ ഉഗ്രശബ്‌ദത്തോടെ പൊട്ടിത്തെറിയുണ്ടായി. മുക്കാൽ മണിക്കൂറോളം വാഹനം ആളിക്കത്തി. ഫയർഫോഴ്സെത്തിയാണ് തീയണച്ചത്. ജാസ്‌മിന്റെയും സഫയുടെയും മൃതദേഹം തിരിച്ചറിയാനാവാത്ത വിധം കത്തിക്കരിഞ്ഞു.

മലപ്പുറത്ത് നിന്ന് ഫോറൻസിക്,​ ഡോഗ് സ്‌ക്വാഡുകൾ എത്തി. ഇൻക്വസ്റ്റിന് ശേഷം മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനായി മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി. കൊലപാതകം ആസൂത്രിതമാണെന്നും സ്‌ഫോടകവസ്തുകൾ എവിടെ നിന്നാണ് വാങ്ങിയതെന്ന് അന്വേഷിക്കുമെന്നും പൊലീസ് അറിയിച്ചു.