പെരിന്തൽമണ്ണ: ഇന്നലെ രാവിലെ വരെ പെരുന്നാൾ ആഘോഷത്തിന്റെ സന്തോഷത്തിലായിരുന്നു പെരിന്തൽമണ്ണ കൊണ്ടിപ്പറമ്പിൽ മിനിപിക്കപ്പ് വാനിലുണ്ടായ സ്ഫോടനത്തിൽ മരിച്ച ജാസ്‌മിനും മക്കൾ ഫാത്തിമ സഫയും. മരണവുമായി സ്വന്തം പിതാവ് തന്നെ എത്തുമെന്ന് പതിനൊന്നുകാരിയായ ഫാത്തിമ സഫ കരുതിയിട്ടുണ്ടാവില്ല. ഭർത്താവുമായുള്ള പ്രശ്നങ്ങളെ തുടർന്ന് ഒരുമാസമായി ജാസ്‌മിൻ മക്കളുമൊത്ത് സ്വന്തം വീട്ടിലാണ് കഴിയുന്നത്. പെരുന്നാൾ ആയതിനാൽ സഹോദരിമാരും ഇവരുടെ മക്കളുമെല്ലാം വീട്ടിലുണ്ട്. ഈ സന്തോഷത്തിന് പകൽ 11 മണി വരെയേ ആയുസ് ഉണ്ടായിരുന്നുള്ളൂ.
ഭർത്താവ് തുവ്വൂർ തരിപ്രമുണ്ട തെച്ചിയോടൻ മുഹമ്മദിനെതിരെ കാസർക്കോടിൽ പോക്‌സോ കേസുണ്ട്. ഇരുവർക്കുമിടയിൽ നേരത്തെ പ്രശ്നങ്ങൾ ഉണ്ടായിരുന്നെങ്കിലും ഇതിലെല്ലാം വിട്ടുവീഴ്ച ചെയ്തായിരുന്നു ജാസ്‌മിൻ മുന്നോട്ടുപോയിരുന്നതെന്ന് ബന്ധുക്കൾ പറയുന്നു. പോക്‌സോ കേസോടെ ഭർത്താവുമായി മാനസികമായി അകന്നു. കുടുംബപ്രശ്നങ്ങൾ പരിഹരിക്കാനെന്ന പേരിൽ മുഹമ്മദ് വിളിച്ചപ്പോൾ അത് ജീവനെടുക്കാനുള്ള വിളിയാവുമെന്ന് സഹോദരങ്ങളും കരുതിയില്ല. ഭാര്യാ വീട്ടിലേക്ക് കയറാതെ വഴിയിൽ കാത്തുനിന്ന മുഹമ്മദിന്റെ പെരുമാറ്റത്തിൽ സംശയവും തോന്നിയില്ല.
കുടുംബപ്രശ്നം രമ്യമായി തീർക്കാമെന്ന് പറഞ്ഞാണ് ജാസ്‌മിനെ വിളിച്ചത്. വാഹനം നിറുത്തിയിട്ട സ്ഥലത്തേക്ക് റോഡിലൂടെയെങ്കിൽ കുറച്ച് നടക്കാനുണ്ട്. എളുപ്പത്തിൽ എത്താമെന്നതിനാൽ അയൽവാസിയുടെ വീടിന്റെ പിറകിലൂടെയാണ് ജാസ്മിനും മക്കളും നടന്നെത്തിയത്. ഈ വീടിന്റെ വഴിയോട് ചേർന്നാണ് മുഹമ്മദ് തന്റെ വാഹനം നിറുത്തിയിരുന്നത്. കൊലപാതകം മുൻകൂട്ടി ഉറപ്പിച്ചതിനാൽ ഇതിനുള്ള ആസൂത്രണം മുഹമ്മദ് പൂർത്തിയാക്കിയിരുന്നെന്ന് പൊലീസ് പറഞ്ഞു. പെട്രോളിൽ പഞ്ചസാര കലർത്തിയതും കത്തിയാൽ കെടില്ലെന്ന് ഉറപ്പാക്കാനായിരുന്നു. വാഹനത്തിന് അടുത്തേക്ക് ആർക്കും എത്താൻ കഴിയാത്ത വിധത്തിൽ ഗുണ്ട് നിറച്ച് ഉഗ്രസ്ഫോടനമുണ്ടാക്കിയതുമെല്ലാം കൃത്യമായ ആസൂത്രണത്തിന്റെ തെളിവായി ചൂണ്ടിക്കാട്ടുന്നുണ്ട്. ഭാര്യ ജാസ്മിൻ (37), മകൾ ഫാത്തിമ സഫ (11), ഇളയമകൾ അഞ്ചുവയസുകാരി ഷിഫാന എന്നിവരെ വാഹനത്തിൽ കയറ്റി ഡോർ ലോക്കാക്കുകയും ഡ്രൈവർ സീറ്റിൽ കയറി ഇരുന്നതിന് ശേഷം ഭാര്യയുടെയും മക്കളുടെയും ദേഹത്തേക്ക് പെട്രോൾ ഒഴിച്ചു. തന്റെ ഭാഗത്തെ ഡോർ ലോക്ക് ചെയ്യാതിരിക്കാനും ശ്രദ്ധിച്ചു. ഭാര്യയെയും മക്കളെയും തീവച്ചശേഷം രക്ഷപ്പെടാമെന്ന ധാരണയിലാവാം ഇതെന്ന സംശയത്തിലാണ് പൊലീസ്. തീഗോളം മുഹമ്മദിന്റെ ദേഹത്തേക്കും പടർന്നതോടെ പ്രാണരക്ഷാർത്ഥം തൊട്ടടുത്തുള്ള കിണറ്റിലേക്ക് ചാടിയതാവാം എന്ന സംശയവും പൊലീസിനുണ്ട്.
വിളിച്ചത് മരണത്തിലേക്ക്
മൂത്ത മകൾ ഫർഷിദയെ (19) കൂടി കൊണ്ടുവരാൻ മുഹമ്മദ് ജാസ്‌മിനോട് ആവശ്യപ്പെട്ടിരുന്നു. ഇതുപ്രകാരം ജാസ്‌മിൻ തന്റെ സഹോദരിയെ വിളിച്ച് ഫർഷിദയോട് വരണമെന്ന് പറയാൻ ആവശ്യപ്പെട്ടു. എന്നാൽ പിതാവിനെ പേടിയാണെന്ന് പറഞ്ഞ ഫർഷിദ വരാൻ തയ്യാറായില്ല.
ആളിക്കത്തുന്ന തീ കണ്ട് നിസ്സഹായരായി നിൽക്കേണ്ടി വന്നു. വാഹനത്തിനുള്ളിൽ നിന്ന് ഗുണ്ടുകൾ ഇടക്കിടയ്ക്ക് പൊട്ടിത്തെറിച്ചതോടെ അടുത്തേക്ക് വരാൻ എല്ലാവരും പേടിച്ചു.
- ഷാനിദ്, ആഷിഖ് (നാട്ടുകാർ)