fire

പെരിന്തൽമണ്ണ: പെട്രോളും ഗുണ്ട് പോലുള്ള സ്ഫോടക വസ്തുക്കളും കൂടി ചേർന്നതോടെ വാഹനത്തിന് പുറത്തേക്കും തീ ആളിക്കത്തി. സമീപത്തെ മരങ്ങളിലേക്ക് വരെ തീ പടർന്നു. മുഹമ്മദിന്റെ മനസ്സിലിരുപ്പ് ജാസ്‌മിന്റെ മകൾ ഫോണിലൂടെ വിളിച്ചറിയച്ചതോടെ ആദ്യം ഓടിയെത്തിയത് ജാസ്മിന്റെ സഹോദരിയായ റസീനയായിരുന്നു. കത്താൻ തുടങ്ങിയ വാഹനത്തിൽ നിന്ന് സ്വന്തം ജീവൻ പോലും നോക്കാതെ അഞ്ച് വയസുകാരി ഷിഫാനയെ പുറത്തേക്ക് വലിച്ചെടുത്തത് റസീനയായിരുന്നു. തന്റെ ഷാള് കൊണ്ടും നിലത്ത് ഉരുട്ടിയും തീ അണയ്ക്കാൻ ശ്രമിച്ചു. ഇതോടെ മറ്റൊരു സഹോദരിയായ നസീറയും ഓടിയെത്തി. അപ്പോഴേക്കും വാഹനത്തെ തീ വിഴുങ്ങിയിരുന്നു. ഉഗ്രശബ്ദത്തോടെ വാഹനം പൊട്ടിത്തെറിച്ചു. ശബ്ദംകേട്ട് സമീപവാസികൾ ഓടിയെത്തി.പ്രദേശവാസിയായ താജുജ്ജീൻ സഹായമഭ്യാർത്ഥിച്ച് നാട്ടിലെ വാട്സ്ആപ്പ് ഗ്രൂപ്പിൽ സന്ദേശമയച്ചു. വിവിധ ദിക്കുകളിൽ നിന്ന് നാട്ടുകാർ ഓടിക്കൂടി. വിവരമറിഞ്ഞ് ഫയർഫോഴ്സ് വാഹനം എത്തിയപ്പോൾ റോഡിന്റെ വീതിക്കുറവ് പ്രശ്നമായി. കത്തുന്ന വാഹനത്തിന് തൊട്ടുമുകളിലൂടെ ഇലക്ട്രിക് ലൈൻ പോവുന്നതിനാൽ നാട്ടുകാർ കെ.എസ്.ഇ.ബിയിൽ വിളിച്ച് വൈദ്യുതി ബന്ധം വിച്ഛേദിക്കാൻ ആവശ്യപ്പെട്ടിരുന്നു. ഇതോടെ സമീപത്തെ കിണറ്റിലെ മോട്ടോർ പ്രവർത്തിപ്പിച്ച് വെള്ളമെടുക്കാനുള്ള ശ്രമം തടസ്സപ്പെട്ടു. പിന്നാലെ ഫയർഫോഴ്സിന്റെ നേതൃത്വത്തിൽ നാട്ടുകാർ സമീപത്തെ വീടുകളിൽ നിന്ന് കിട്ടിയ പാത്രങ്ങളിലെല്ലാം വെള്ളം ശേഖരിച്ച് തീയണയ്ക്കാൻ ഓടിയെത്തി. മുക്കാൽ മണിക്കൂറോളം കത്തിയ വാഹനത്തിലെ തീ അണച്ചപ്പോഴേക്കും രണ്ട് ജീവനുകൾ തീർത്തും കത്തിക്കരിഞ്ഞിരുന്നു. സമീപത്തെ കിണറ്റിൽ മുഹമ്മദിന്റെ മൃതദേഹവും പൊങ്ങിക്കിടന്നു. പരിക്കേറ്റ ഷിഫാനയുമായി പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്കും ഇവിടെ നിന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്കും ആംബുലൻസ് പാഞ്ഞു. വൻ പൊലീസ് സന്നാഹവും സ്ഥലത്തെത്തിയിരുന്നു. മലപ്പുറത്ത് നിന്ന് ഫോറൻസിക്,​ ഡോഗ് സ്‌ക്വാഡുകൾ സ്ഥലത്തെത്തി പരിശോധിച്ചു. ഇൻക്വസ്റ്റ് നടപടികളും പൂർത്തിയാക്കി പോസ്റ്റ്മോർട്ടത്തിനായി മൂന്ന് മൃതദേഹങ്ങളും ഒരുമിച്ചാണ് മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയത്.