
കൊണ്ടോട്ടി: ആധാരത്തിന്റെ പകർപ്പു നൽകാൻ കൈക്കൂലി ആവശ്യപ്പെട്ട കൊണ്ടോട്ടി സബ് രജിസ്ട്രാർ ഓഫീസിലെ അറ്റൻഡർമാരായ കെ. കൃഷ്ണദാസ്, കെ. ചന്ദ്രൻ എന്നിവരെ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് അറസ്റ്റ് ചെയ്തു. 1980നു മുമ്പുള്ള ആധാര വിവരങ്ങൾ ശേഖരിക്കാൻ പ്രയാസമുണ്ടെന്നും 50,000 രൂപ നൽകണമെന്നും കൃഷ്ണദാസും ചന്ദ്രനും അപേക്ഷകനായ അരിമ്പ്ര സ്വദേശി അച്യുതൻകുട്ടിയോട് പറഞ്ഞെന്നാണ് പരാതി. പിന്നീട് 25,000 രൂപയാക്കി കുറച്ചു. വിജിലൻസിൽ അറിയിച്ച ശേഷം ആദ്യഗഡുവായ 10,000 രൂപ കൈമാറുന്നതിനിടെയാണ് മഫ്തിയിലെത്തിയ വിജിലൻസ് സംഘം പ്രതികളെ പിടികൂടിയത്. ഇരുവരെയും കോഴിക്കോട് വിജിലൻസ് കോടതിയിൽ ഹാജരാക്കി.