malappuram
അടക്കാക്കുണ്ട് സി.എച്ച്.എസ് സ്‌കൂളിൽ അമ്മമാർക്കായി ലിറ്റിൽ കൈറ്റ് അംഗങ്ങളായ ഗൗതം ആർ നായർ, എം അമൻ,സന യൂസുഫ് എന്നിവർ സൈബർ സുരക്ഷ ക്ലാസെടുക്കുന്നു

മലപ്പുറം: സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ്മ പരിപാടിയുടെ ഭാഗമായി നടപ്പാക്കുന്ന അമ്മമാർക്കുള്ള സൈബർ സുരക്ഷാ പരിശീലനത്തിന് ജില്ലയിൽ തുടക്കമായി. തിരുവനന്തപുരം കൈറ്റ് വിക്ടേഴ്സ് സ്റ്റുഡിയോയിൽ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം നിർവഹിച്ചു. തുടർന്ന് അടക്കാക്കുണ്ട് സി.എച്ച്.എസ് സ്‌കൂളിൽ ജില്ലയിലെ ആദ്യ പരിശീലന പരിപാടി തുടങ്ങി. ഓൺലൈനായി നടന്ന ചടങ്ങിൽ വനിതാ കമ്മീഷൻ അധ്യക്ഷ അഡ്വ. പി സതീദേവി, എ.ഡി.ജി.പി മനോജ് എബ്രഹാം, ഡി.ജി.ഇ കെ.ജീവൻ ബാബു, കൈറ്റ് സി.ഇ.ഒ കെ. അൻവർ സാദത്ത് എന്നിവർ സംസാരിച്ചു. എന്നിവർ സംസാരിച്ചു. അടക്കാക്കുണ്ട് സി.എച്ച്.എസ് സ്‌കൂൾ യൂണിറ്റിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ ഗൗതം ആർ നായർ, എം അമൻ, സന യൂസുഫ് എന്നിവരും കൈറ്റ് മാസ്റ്റർമാരായ എ.കെ ജംഷീർ, കെ.പി ശ്രീലത, കൈറ്റ് ജില്ലാ കോർഡിനേറ്റർ ടി.കെ അബ്ദുൽ റഷീദ്, സ്‌കൂൾ പ്രധാനധ്യാപകൻ വി റഹ്മത്തുള്ള എന്നിവർ ജില്ലയിലെ ആദ്യ ക്ലാസിന് നേത്യത്വം നൽകി. ജില്ലയിൽ കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷന്റെ (കൈറ്റ്) നേതൃത്വത്തിൽ പ്രവർത്തിക്കുന്ന 174 ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകളാണ് പരിശീലന പരിപാടിയ്ക്ക് നേതൃത്വം നൽകുന്നത്. ഈ വർഷത്തിൽ 26,​000 അമ്മമാർക്കാണ് പരിശീലനം നൽകുക.
മെയ് 20 വരെയുള്ള ദിവസങ്ങളിൽ 30 പേർ വീതമുള്ള ബാച്ചുകളായി തിരിച്ച് ലിറ്റിൽ കൈറ്റ്സ് അംഗങ്ങളും കൈറ്റ് മാസ്റ്റമാരും ചേർന്നാണ് പരിശീലനം നൽകുന്നത്. പരിശീലനത്തിൽ പങ്കെടുക്കുന്നതിന് പ്രദേശത്തെ ഹൈസ്‌കൂളുകളിൽ പ്രവർത്തിക്കുന്ന ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകളുമായി ബന്ധപ്പെടണമെന്ന് ജില്ലാ കോ-ഓർഡിനേറ്റർ അറിയിച്ചു.