f
.


ഊട്ടി: ഏഷ്യയിലെ ഏറ്റവും വലിയ പുഷ്പമേളയുടെ ഒരുക്കങ്ങൾ അന്തിമഘട്ടത്തിൽ. കൊവിഡ് കാരണം രണ്ടുവർഷം മുടങ്ങിപ്പോയ പുഷ്പമേളയ്ക്ക് ഇത്തവണ വിപുലമായ മുന്നൊരുക്കങ്ങളാണ് ഊട്ടിയിൽ നടക്കുന്നത്.
14, 15, 16 തീയതികളിൽ റോസ്ഗാർഡനിൽ റോസ് ഷോയും 20 മുതൽ 24 വരെ ബൊട്ടാണിക്കൽ ഗാർഡനിൽ പുഷ്പമേളയും നടക്കും. ആഘോഷങ്ങളുടെ ഭാഗമായി 28നും 29നും കുന്നൂർ സിംസ് പാർക്കിൽ ഫ്രൂട്ട് ഷോയും 13, 14, 15 തീയതികളിൽ ഗൂഡല്ലൂർ സെന്റ് തോമസ് സ്‌കൂൾ മൈതാനത്ത് സുഗന്ധദ്രവ്യങ്ങളുടെ പ്രദർശനവും നടക്കും.
124-ാമത് പുഷ്പമേള കാണാൻ രാജ്യത്തിനകത്ത് നിന്നും വിദേശത്ത് നിന്നും നിരവധി വിനോദ സഞ്ചാരികൾ ഊട്ടിയിലെത്തും. വേൾഡ് ഫെഡറേഷൻ ഒഫ് റോസ് സൊസൈറ്റിയുടെ ഗാർഡൻ ഒഫ് എക്സലൻസ് അവാർഡ് നേടിയ റോസ് ഗാർഡനിൽ 12 ഏക്കർ വിസ്തൃതിയിൽ 4000 ഇനങ്ങളിലായി 38,000 പനിനീർ ചെടികളാണ് മേളയ്ക്കായി ഒരുക്കിയിട്ടുള്ളത്. നാല് വിഭാഗങ്ങളിലായാണ് ബൊട്ടാണിക്കൽ ഗാർഡനിൽ പുഷ്പമേള അരങ്ങേറുക. 15000 ചെടികളാണ് മെയിൽ പുഷ്പിക്കുന്ന രീതിയിൽ മാസങ്ങൾക്ക് മുമ്പേ പരിപാലിച്ച് വരുന്നത്. പൂക്കൾ കൊണ്ട് വിവിധ രൂപങ്ങളൊരുക്കുന്ന ഗാർഡനിലെ പുൽമൈതാനിയിലേക്ക് നിലവിൽ സഞ്ചാരികൾക്ക് നിയന്ത്രണമുണ്ട്. 14 മുതൽ വിവിധ സാംസ്‌കാരിക കലാ പരിപാടികളും മേളയുടെ ഭാഗമായി നടക്കും. അവധിക്കാലമായതിനാൽ മേളയാരംഭിക്കും മുമ്പേ ഊട്ടിയിലേക്ക് സഞ്ചാരികളുടെ ഒഴുക്കാണ്.