
നിലമ്പൂർ: നിലമ്പൂരിൽ കവർച്ചാ കേസ് അന്വേഷണത്തിനിടെ, മൈസൂർ സ്വദേശിയായ പാരമ്പര്യ ചികിത്സകനെ ഒന്നേക്കാൽ വർഷം അന്യായ തടങ്കലിൽ മർദ്ദിച്ച് കൊലപ്പെടുത്തിയതിന് തെളിവ് ലഭിച്ചു. മൈസൂരിലെ രാജീവ് നഗറിലുള്ള വൈദ്യനെ കൊലപ്പെടുത്തിയതിനാണ് നിലമ്പൂർ പൊലീസ് കേസെടുത്തത്.
മൃതദേഹം വെട്ടി നുറുക്കി പ്ലാസ്റ്റിക് കവറിലാക്കി. തുടർന്ന് ആഡംബര കാറിൽ കയറ്റി പുലർച്ചെ ചാലിയാർ പുഴയിലെറിഞ്ഞെന്നാണ് വിവരം. 2020 ഒക്ടോബറിലായിരുന്നു സംഭവം. കവർച്ചാക്കേസിലെ പരാതിക്കാരൻ തന്നെയാണ് കൊലക്കേസിലെ പ്രധാന പ്രതി. ഇയാളുടെ പരാതിപ്രകാരം പിടികൂടിയ പ്രതികളാണ് കൊലക്കേസിനെ പറ്റി പൊലീസിന് വിവരം നൽകിയത്. പാരമ്പര്യ ചികിത്സകനെ മർദ്ദിക്കുന്ന പെൻഡ്രൈവും ഇവർ പൊലീസിന് കൈമാറി.
2019 ആഗസ്റ്റിലാണ് വൈദ്യനെ നിലമ്പൂർ സ്വദേശിയുടെ നേതൃത്വത്തിൽ തട്ടിക്കൊണ്ടുവന്നത്. ഇയാളിൽ നിന്ന് മൂലക്കുരുവിനുള്ള ഒറ്റമൂലിയെ കുറിച്ച് മനസിലാക്കി കേരളത്തിൽ മരുന്നുവ്യാപാരം നടത്തി പണം സമ്പാദിക്കലായിരുന്നു ലക്ഷ്യം. എന്നാൽ ഒറ്റമൂലി പറഞ്ഞുകൊടുക്കാൻ തയ്യാറാകാഞ്ഞതോടെ വൈദ്യനെ നിലമ്പൂർ സ്വദേശിയുടെ വീട്ടിലെ ഒന്നാം നിലയിലെ പ്രത്യേക മുറിയിൽ ചങ്ങലയിൽ ബന്ധിച്ചു. ഒന്നേക്കാൽ വർഷം പുറംലോകമറിയാതെ പീഡിപ്പിക്കുകയിരുന്നു.
2020 ഒക്ടോബറിൽ മർദ്ദനത്തിനിടെ മരിച്ച വൈദ്യരുടെ ശരീരം വെട്ടിനുറുക്കി ചാലിയാറിൽ തള്ളുകയായിരുന്നു. മർദ്ദിച്ചും മുഖത്തേക്ക് സാനിറ്റൈസർ അടിച്ചും ഇരുമ്പുപൈപ്പു കൊണ്ട് കാലിൽ ഉരുട്ടിയും പീഡിപ്പിക്കുന്നതിനിടെയാണ് വൈദ്യൻ കൊല്ലപ്പെട്ടത്.
വൈദ്യനെ കാണാതായതിനെ തുടർന്ന് ബന്ധുക്കൾ മൈസൂർ പൊലീസിൽ പരാതി നൽകിയിരുന്നെങ്കിലും വിവരമൊന്നും ലഭിച്ചിരുന്നില്ല. പെൻഡ്രൈവിലെ ദൃശ്യങ്ങളിലുള്ളയാൾ വൈദ്യൻ തന്നെയാണെന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞിട്ടുണ്ട്. വിശദവിവരങ്ങൾ പൊലീസ് ഇന്നു പുറത്തുവിടുമെന്നാണ് സൂചന.