മലപ്പുറം: പോക്‌സോ കേസിൽ കുടുങ്ങിയ മലപ്പുറം നഗരസഭയിലെ സി.പി.എം കൗൺസിലർ,​ സ്ഥാനം രാജിവച്ചു. മലപ്പുറത്തെ എയ്ഡഡ് സ്കൂൾ അദ്ധ്യാപകനായിരുന്ന കെ.വി.ശശികുമാറിനെതിരെ പൂർവ വിദ്യാർത്ഥികളുടെ പരാതിയിൽ മലപ്പുറം പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. വിദ്യാ‌ർത്ഥിനികളെ ലൈംഗികമായി ഉപദ്രവിച്ചെന്നും അശ്ലീലച്ചുവയോടെ സംസാരിച്ചെന്നുമാണ് പരാതി. മാർച്ചിൽ വിരമിച്ച ശേഷം അദ്ധ്യാപക ജീവിതവുമായി ബന്ധപ്പെട്ട് ശശികുമാർ ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിന് താഴെയാണ് ആദ്യത്തെ ആരോപണം ഉയർന്നത്. തുടർന്ന്,​ സമാനമായ രീതിയിൽ അതിക്രമം നേരിട്ട വിദ്യാർത്ഥികൾ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി. നേരത്തെ സാമൂഹ്യമാദ്ധ്യമങ്ങളിലൂടെ ആരോപണം ഉയർന്നപ്പോൾ ശശികുമാർ ആത്മഹത്യാശ്രമം നടത്തിയിരുന്നു.