
കൊണ്ടോട്ടി: കരിപ്പൂർ വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച 42 ലക്ഷത്തിന്റെ സ്വർണം കോഴിക്കോട് പ്രീവന്റീവ് കസ്റ്റംസ് പിടികൂടി. നിലമ്പൂർ സ്വദേശി നഹാസിൽ (27) നിന്നാണ് 861 ഗ്രാം സ്വർണ മിശ്രിതം പിടിച്ചത്. മിശ്രിതം മൂന്ന് കാപ്സ്യൂൾ രൂപത്തിലാക്കി ശരീരത്തിലൊളിപ്പിച്ചു കടത്താനായിരുന്നു ശ്രമം. ഇതിൽ നിന്നു 792.7 ഗ്രാം സ്വർണം വേർതിരിച്ചെടുത്തു. റിയാദിൽ നിന്നുള്ള എയർഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് ഇയാൾ കരിപ്പൂരിലെത്തിയത്. അസിസ്റ്റന്റ് കമ്മീഷണർ സിനോയ്.കെ.മാത്യു, സൂപ്രണ്ടുമാരായ ബഷീർ അഹമ്മദ്, ഇൻസ്‌പെക്ടർമാരായ എം. പ്രതീഷ്, കപിൽദേവ് സുരീര, ഹെഡ് ഹവിൽദാർ ഇ.വി. മോഹനൻ എന്നിവരടങ്ങിയ സംഘമാണ് സ്വർണം പിടിച്ചത്.