തിരൂരങ്ങാടി: മലബാറിലെ ക്ഷേത്രോത്സവങ്ങൾക്ക് പരിസമാപ്തി കുറിക്കുന്ന മൂന്നിയൂർ കളിയാട്ടമുക്ക് കളിയാട്ടക്കാവ് മഹോത്സവം ഇന്നലെ കാപ്പൊലിച്ചു. 27 നാണ് പ്രസിദ്ധമായ വെള്ളിയാഴ്ച കളിയാട്ടം നടക്കുക. കൊവിഡിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ രണ്ടു വർഷങ്ങളിലും ചടങ്ങുകളിൽ മാത്രമായി കളിയാട്ടം ഒതുങ്ങിയിരുന്നു. ഇന്നലെ വൈകീട്ട് ക്ഷേത്രത്തിന്റെ മൂലസ്ഥാനമായ പാറേക്കാവ് ചാത്തൻ ക്ലാരി ക്ഷേത്രത്തിലാണ് കാപ്പൊലിക്കൽ ചടങ്ങുകൾ നടന്നത്. മൂത്ത കാരണവർ കൃഷ്ണൻ കുട്ടി നായർ, കൃഷ്ണൻ നായർ, ഗോപി, ഗോവിന്ദൻ കുട്ടി എന്നിവരുടെ സാന്നിധ്യത്തിലാണ് കാപ്പൊലിക്കൽ ചടങ്ങിന് തുടക്കമായത്. ഇനി 17 ദിവസം നീണ്ടുനിൽക്കും. ജൂൺ ഒന്നിന് കുടി കുട്ടൽ ചടങ്ങോടെ ഉത്സവം സമാപിക്കും. കളിയാട്ടത്തിന്റെ വരവറിയിച്ച് പൊയ്ക്കുതിര സംഘങ്ങൾ ഊരുചുറ്റുന്ന ചടങ്ങും ഉത്സവത്തോട് അനുബന്ധിച്ച് നടക്കും.
കളിയാട്ട മഹോത്സവത്തിൽ പതിനായിരങ്ങൾ വന്നെത്തുന്ന കോഴിക്കളിയാട്ടം മലബാറിൽ തന്നെ പ്രസിദ്ധമാണ്. മലബാറിലെ വിവിധ ഭാഗങ്ങളിൽ നിന്നായി കാർഷിക ചന്തക്കുള്ള ഒരുക്കങ്ങൾ കഴിഞ്ഞ ദിവസം മുതൽ മുട്ടിച്ചിറയിൽ തുടങ്ങിയിട്ടുണ്ട്. രണ്ടു വർഷത്തെ ഇടവേളക്ക് ശേഷം നടക്കുന്ന കളിയാട്ടത്തിന് നിരവധിപേരെത്തും.