thangal
രാജേഷിന്റെ മക്കളായ ദിയയും ദയയും ചേർന്ന് സാദിഖലി തങ്ങൾക്ക് മിഠായി നൽകുന്നു

മലപ്പുറം: കാലങ്ങളേറെ കഴിഞ്ഞാലും ചില രുചികൾ നാവിൽ നിന്നും പോവില്ല, മധുര മിഠായികളുടെ രുചിയാവട്ടെ ഹൃദയത്തിലേക്കും ഒഴുകിയെത്തും. സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഇന്നലെ അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജിൽ പങ്കുവച്ച പോസ്റ്റിലെ ആദ്യ ഭാഗമാണിത്. ആലപ്പുഴയിലെ മുസ്‌ലിം ലീഗ് പ്രവർ‌ത്തകരും മറ്റ് ഉദാരമനസ്കരും ചേർന്ന് കുട്ടനാട് കൈനകര പഞ്ചായത്തിലെ നിർദ്ധനരായ രാജേഷ്-ഉത്തര ദമ്പതികൾക്ക് വീട് നിർമിച്ച് നൽകിയിരുന്നു. ഇതിൽ സാദിഖലി തങ്ങളോടും കുടുംബത്തിനോടും നന്ദിയറിയിക്കാനായി രാജേഷും കുടുംബവും ഇന്നലെ പാണക്കാട്ടെ വീട്ടിലെത്തി. രാജേഷിന്റെ മക്കളായ ദിയയും ദയയും സാദിഖലി തങ്ങൾക്ക് സ്നേഹ മിഠായികൾ നൽകി കുടുംബത്തിന്റെ സന്തോഷമറിയിച്ചു.

വീട് കൂടൽ ചടങ്ങിനായി സാദിഖലി തങ്ങളെ രാജേഷ് ക്ഷണിച്ചിരുന്നു. പക്ഷെ തിരക്കുകൾ കാരണം പങ്കെടുക്കാനായില്ല. പകരം സയ്യിദ് മുനവറലി തങ്ങൾ പങ്കെടുത്തു. തങ്ങളെ നേരിൽ കണ്ട് നന്ദിയറിക്കണമെന്ന് കരുതിയാണ് രാജേഷും കുടുംബവും ഇന്നലെ പാണക്കാടെത്തിയത്.

സങ്കടമറിയിച്ചു, പിന്നീടെല്ലാം പെട്ടെന്ന്
മാസങ്ങൾക്ക് മുമ്പാണ് കൈനകര പഞ്ചായത്തിലെ പോഞ്ഞാൽതറച്ചിറ ഗ്രാമത്തിലെ ബാർബർ തൊഴിലാളിയായ രാജേഷ് സാദിഖലി തങ്ങളെ വിളിച്ച് വീടില്ലാത്ത സങ്കടമറിയിച്ചത്. ഉടനെ തന്നെ തങ്ങൾ ആലപ്പുഴയിലെ മുസ്‌ലിം ലീഗ് പ്രവർത്തകരെയും സുഹൃത്തുക്കളെയും വിളിച്ച് കാര്യമറിയിച്ചു. പിന്നീട് പെട്ടെന്നായിരുന്നു വീട് പണിക്കുള്ള സാധനങ്ങളെല്ലാം എത്തിയത്. പ്രതീക്ഷിച്ചതിനേക്കാൾ നല്ലൊരു വീടൊരുക്കാനായെന്നും തങ്ങൾ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.