മലപ്പുറം: ക്ഷീര കർഷകരെന്ന പേര് മാത്രമേയുള്ളൂ, ആറ് പശുക്കളുണ്ടായിരുന്നിടത്തിപ്പോൾ ഒരു പശു മാത്രമാണുള്ളത്. മാസം നല്ലൊരു തുക ഇവറ്റകളുടെ പരിപാലനത്തിനായി വേണമായിരുന്നു. പാൽ കൊടുക്കുമ്പോൾ സൊസൈറ്റിയിൽ നിന്ന് കിട്ടുന്നത് തുച്ഛമായ തുകയും. രണ്ടറ്റം കൂട്ടിമുട്ടിക്കാനൊന്നും ഇതുകൊണ്ടാകില്ല. അതുകൊണ്ടിപ്പോൾ മറ്റു ജോലികൾക്ക് പോവാറാണ് പതിവ്. ക്ഷീരകർഷകനായ മലപ്പുറം പുഴക്കാട്ടിരി സ്വദേശി പ്രവീണിന്റെ വാക്കുകളാണിത്. വൈക്കോലിനും കാലിത്തീറ്റക്കും വില കൂടിയത് കാരണം ദുരിതമനുഭവിക്കുന്ന നിരവധി ക്ഷീര കർഷകരാണ് ജില്ലയിലുള്ളത്.
ഒരു ലിറ്റർ പാൽ ഉത്പാദിപ്പിക്കാൻ 40 രൂപ ചെലവ് വരും. എന്നാൽ സൊസൈറ്റയിൽ കൊടുക്കുമ്പോൾ കർഷകന് ലഭിക്കുന്നത് 30-35 രൂപ വരെയാണ്. എന്നാൽ സൊസൈറ്റി പാൽ വിൽപ്പന നടത്തുന്നത് 44-48 രൂപയ്ക്കും. ചെലവാകുന്ന തുക പോലും കിട്ടാതായതോടെ നിരവധി ഫാമുകൾ അടച്ചുപൂട്ടി. പലതും അടച്ചുപൂട്ടലിന്റെ വക്കിലുമാണ്. ഇതിനെല്ലാം പുറമെ പശുക്കൾക്കുണ്ടാക്കുന്ന രോഗങ്ങളും മറ്റും പരിചരിക്കാനായി വലിയ തുക വേറെയും ഒടുക്കണം. ഇതോടെ ലോണെടുത്ത് പശുക്കളെ വാങ്ങിയവരടക്കം പ്രയാസത്തിലായിരിക്കുകയാണ്. പായ്ക്കറ്റ് പാലുകൾ വാങ്ങുന്നവരുടെ എണ്ണം വർദ്ധിച്ചതോടെ വീടുകൾ തോറുമുള്ള പാൽ വിൽപ്പനയും കുറഞ്ഞു. കാലിത്തീറ്റയുടെ വില കുറയ്ക്കാനുള്ള നടപടികളോ അല്ലെങ്കിൽ കാലിത്തീറ്റയ്ക്ക് സബ്സിഡി അനുവദിക്കുകയോ പാലിന് വില കൂട്ടി നൽകുകയോ വേണമെന്നാണ് കർഷക സംഘടനകളുടെ ആവശ്യം.
കാലിത്തീറ്റ പൊള്ളും
ഏഴ് മാസം മുമ്പ് 1100 രൂപയുണ്ടായിരുന്ന 50 കിലോ കാലിത്തീറ്റയുടെ ഇപ്പോഴത്തെ വില 1500ന് മുകളിലാണ്. കൂടുതലാളുകളും വാങ്ങിക്കുന്ന സുപ്രീം കാലിത്തീറ്റയുടെ വിലയാണിത്. മറ്റു കമ്പനികളുടെ കാലിത്തീറ്റക്കും വലിയ മാറ്റമില്ല. ഒരു പശുവിന് മാത്രം അഞ്ച് മുതൽ എട്ട് കിലോ വരെ കാലിത്തീറ്റ ആവശ്യമായി വരും. ഒരു മാസത്തേക്ക് 50 കിലോയുടെ ചാക്ക് കൊണ്ട് ഒന്നുമാവില്ലെന്നാണ് കർഷകർ പറയുന്നത്. ഇതിനുപുറമെ പശുവിന് നൽകുന്ന മറ്റു തീറ്റകൾ കർഷകൻ തന്നെ കണ്ടെത്തണം. അഞ്ചിൽ കൂടുതൽ പശുക്കളുള്ള ഭൂരിഭാഗം ഫാമുകളിലും തൊഴിലാളികളുണ്ട്. 20,000 മുതൽ 28,000 രൂപവരെയാണ് ഒരു മാസത്തേക്ക് ഇവർക്ക് കൂലിയായി നൽകേണ്ടത്.
ഇപ്പോഴത്തെ വില
ഒരു ലിറ്റർ പാൽ ഉത്പാദിപ്പിക്കാൻ - 40 രൂപ
വൈക്കോൽ വില (ഒരു കെട്ട്) - 300 രൂപ
ഒരു പശുവിന് വേണ്ടത് - 10 കെട്ട്
കാലിത്തീറ്റ - 1500 രൂപ
കർഷകന് ലിറ്ററിന് കിട്ടുന്നത് - 30-35വരെ
ഒരു മാസത്തിൽ ഒരു ഫാമെന്ന രീതിയിൽ ജില്ലയിൽ അടച്ചു പൂട്ടുന്നുണ്ട്. ചെറുകിടക്കാരിൽ പലരും എന്നന്നേക്കുമായി കൃഷി അവസാനിപ്പിച്ചു. പുറമെ നിന്നുള്ള പായ്ക്കറ്റ് പാലുകളടക്കം ക്ഷീരകർഷകന്റെ കഞ്ഞിയിലെ പാറ്റയായി മാറുകയാണ്. സർക്കാർ കർഷകർക്ക് അനുകൂലമായ എന്തെങ്കിലും നടപടികൾ സ്വീകരിക്കണം.
- എ.പി അഷ്റഫ്,
ക്ഷീര കർഷകൻ,പുഴക്കാട്ടിരി