പൊന്നാനി: പൊന്നാനി നഗരസഭയിലെ കല്ലിക്കട നിവാസികൾ കെ.പി.സി.സി മെമ്പർ അഡ്വ. കെ. ശിവരാമന്റെ നേതൃത്വത്തിൽ പൊന്നാനി തഹസിൽദാരെ ഉപരോധിച്ചു. പ്രദേശത്തെ വീടുകളിൽ മഴവെള്ളം കയറി ദുരിതമനുഭവിക്കുന്നതിൽ പ്രതിഷേധിച്ചാണ് ഉപരോധം.
20 വർഷമായി ദുരിതത്തിലാണ് കല്ലിക്കട റോഡ് നിവാസികൾ. മഴയൊന്നു പെയ്താൽ വീടുകളിൽ വെള്ളം കയറും. വാഹനങ്ങൾ വിളിച്ചാൽ വരാതെയാവും. വിദ്യാർത്ഥികൾക്ക് സ്‌കൂളിൽ പോകാനും ഏറെ ബുദ്ധിമുട്ടേണ്ടിവരും, രോഗികളെ ആശുപത്രിയിലെത്തിക്കാനും കഴിയാതെ വരുന്നു. ഇങ്ങനെ ദുരിതമേറെയാണ് ഇന്നാട്ടുകാർക്ക്.
ആവശ്യമുന്നയിച്ച് നിരവധി തവണ അധികൃതരെ കണ്ടെങ്കിലും ഫലമുണ്ടാവത്തതിനെ തുടർന്നാണ് നാട്ടുകാർ പ്രതിഷേധത്തിനിറങ്ങിയത്. 2021ൽ റോഡിനായി എം.എൽ.എ ഫണ്ട് പാസായെങ്കിലും ഇതുവരെ അതും നടന്നിട്ടില്ല.