
പെരിന്തൽമണ്ണ: മഴ പെയ്തതോടെ ആനമങ്ങാട് മുതുക്കുറുശി റോഡ് ചളിക്കുളമായി. രാമഞ്ചാടി ബൃഹത് കുടിവെള്ള പദ്ധതിയുടെ മേജർ പൈപ്പ് ലൈൻ സ്ഥാപിക്കാനായി മണലായയിൽ റോഡിന്റെ ഏകദേശം നടുഭാഗത്തു നിന്നും അരികുവരെ വീതിയിലും ആഴത്തിലും ചാല് കീറിയാണ് കൂറ്റൻ പൈപ്പുകൾ സ്ഥാപിച്ചത് . മാസങ്ങളായി പ്രവൃത്തി നടക്കുന്നതിനാൽ പൊടിശല്യം മൂലം ഏറെ ദുരിതത്തിലായിരുന്നു നാട്ടുകാർ. കൂടാതെ ഗതാഗത തടസവും. മഴ കൂടി പെയ്തതോടെ ടാറിംഗ് പൊളിച്ച ഭാഗം പൂർണ്ണമായും ചളിക്കുളമായി. ചിലയിടങ്ങളിൽ പൂർണ്ണമായും ചെളിവെള്ളം കെട്ടിക്കിടക്കുന്നതിനാൽ കാൽനടയാത്ര പോലും ദുഷ്കരമാണ്. എതിരെ വാഹനങ്ങൾ വരുമ്പോൾ ടാറിംഗില്ലാത്ത വശത്തിലൂടെ ഇരുചക്ര വാഹനങ്ങൾ ഓടിക്കുമ്പോൾ ചെളിയിൽ തെന്നി വാഹനങ്ങൾ അപകടത്തിൽപ്പെടുന്നതും പതിവായിട്ടുണ്ട്. സ്ത്രീകളടക്കം നിരവധി പേർക്ക് പരിക്കേൽക്കുന്നു. യാത്രക്കാരുടെ ദേഹത്തേക്ക് വാഹനങ്ങൾ ചെളി തെറിപ്പിക്കുന്നതും നിത്യസംഭവമാണ്. രാത്രിയിൽ വാഹനങ്ങൾ അപകടത്തിൽ പെടുന്നതും കൂടി. തങ്ങൾക്ക് യാതൊരു ഉപകാരവുമില്ലാത്ത കുടിവെള്ള പൈപ്പ് സ്ഥാപിക്കൽ മൂലം റോഡ് തകർന്ന് ദുരിതത്തിലായിരിക്കുകയാണ് മണലായ നിവാസികൾ.