
മലപ്പുറം: നിലമ്പൂരിൽ കൊല്ലപ്പെട്ട പാരമ്പര്യ വൈദ്യൻ ഷാബ ഷെരീഫിന്റെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെടുക്കുന്നതിനായി നാവികസേനയുടെ സഹായത്തോടെ ചാലിയാർ പുഴയിൽ നടത്തിയ തെരച്ചിൽ വിഫലം. എടവണ്ണ പാലത്തിന് സമീപമാണ് പുഴയിൽ തെരച്ചിൽ നടത്തിയത്. ഷാബ ഷെരീഫിനെ കൊലപ്പെടുത്തി കഷണങ്ങളാക്കി പുഴയിൽ ഉപേക്ഷിച്ചെന്ന പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു തെരച്ചിൽ. വെള്ളിയാഴ്ച്ച ഫയർഫോഴ്‌സിന്റെയും മുങ്ങൽ വിദഗ്ദ്ധരുടെയും നേതൃത്വത്തിൽ നടത്തിയ തെരച്ചിൽ വിഫലമായതോടെയാണ് നാവികസേനയുടെ സഹായം തേടിയത്. തെരച്ചിലിനിടയിൽ പുഴയിൽ നിന്ന് ചാക്കുകൾ ലഭിച്ചെങ്കിലും അവശിഷ്ടങ്ങളുടേതായിരുന്നില്ല. കനത്ത മഴയും പുഴയുടെ വലിയ ഒഴുക്കും ചെറിയ രീതിയിൽ സേനയ്ക്ക് ബുദ്ധിമുട്ടുണ്ടാക്കി. 2020 ഒക്ടോബറിൽ നടന്ന കൊലപാതകമായതിനാൽ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെടുക്കുകയെന്നത് ദുഷ്‌കരമാണെന്നും അവസാന ശ്രമം എന്ന നിലയിലാണ് തെരച്ചിൽ നടത്തിയതെന്നും എസ്.പി സുജിത് ദാസ് പറഞ്ഞു.