
പെരിന്തൽമണ്ണ: സ്വർണ്ണകടത്തുമായി ബന്ധപ്പെട്ട തർക്കത്തിന്റെ പേരിൽ പ്രവാസി കൊല്ലപ്പെട്ട സംഭവത്തിൽ മൂന്നുപേർ കൂടി കസ്റ്റഡിയിൽ. ആക്കപ്പറമ്പ്, എടത്തനാട്ടുകര, കൊണ്ടോട്ടി സ്വദേശികളാണ് ബുധനാഴ്ച വൈകിട്ടോടെ കസ്റ്റഡിയിലായത്. മരിച്ച അഗളി സ്വദേശി വാക്യത്തൊടി അബ്ദുൾ ജലീലിനെ(42) നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്ന് കാറിൽ പെരിന്തൽമണ്ണയിലെത്തിച്ച കൊണ്ടോട്ടി സ്വദേശി, മാനത്തുമംഗലത്തെ വീട്ടിൽ അവശനായി കിടന്ന ജലീലിനെ പരിചരിക്കുകയും ആശുപത്രിയിലേക്ക് കാറിൽ കയറ്റുകയും ചെയ്തയാൾ, കേസിലെ മുഖ്യപ്രതി യഹിയയെ രക്ഷപ്പെടാൻ സഹായിച്ചയാൾ എന്നിവരാണ് കസ്റ്റഡിയിലായത്. കേസിൽ നേരിട്ടു ബന്ധമുള്ള ചിലർ വിദേശത്തേക്ക് കടന്നതായാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ .