തിരൂരങ്ങാടി: മലബാറിലെ ക്ഷേത്രോത്സവങ്ങൾക്ക് പരിസമാപ്തി കുറിക്കുന്ന മൂന്നിയൂർ കളിയാട്ടമുക്ക് കളിയാട്ടക്കാവ് മഹോത്സവം ഇന്ന് സമാപിക്കും. കഴിഞ്ഞ തിങ്കളാഴ്ചയാണ് ക്ഷേത്രത്തിന്റെ മൂലസ്ഥാനമായ പാറേക്കാവ് ചാത്തൻ ക്ലാരിയിൽ കാപ്പൊലിക്കൽ ചടങ്ങുകൾ നടന്നത്. കൊവിഡിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ രണ്ടു വർഷങ്ങളിലും ചടങ്ങുകളിൽ മാത്രമായി കളിയാട്ടം ഒതുങ്ങിയിരുന്നു.
മതസൗഹാർദ്ദത്തിനും സാഹോദര്യത്തിനും പേരുകേട്ട ഉത്സവമാണ് കളിയാട്ടം. വിവിധ ദേശങ്ങളിൽ നിന്ന് പൊയ്‌ക്കുതിരകളുമായി ആയിരക്കണക്കിന് ഭക്തരാണ് കളിയാട്ടക്കാവിലേക്ക് എത്തുക. ഇന്നലെ തൃക്കുളം ദേശക്കാരുടെ നേതൃത്വത്തിൽ പ്രസിദ്ധമായ മമ്പുറം മഖാമിൽ കാണിക്ക നൽകിയാണ് പൊയ്‌ക്കുതിര സംഘങ്ങൾ മടങ്ങിയത്.