
തിരൂരങ്ങാടി: അവധിക്കാലത്തിന് വിട ചൊല്ലി ഇനി രസിച്ചു പഠിക്കാൻ പള്ളിക്കൂടങ്ങൾ ഒരുങ്ങി. ജൂൺ ഒന്നിന് അറിവിന്റെ അക്ഷര മുറ്റത്തേക്ക് കാലെടുത്തുവെക്കുന്ന കുരുന്നുകളെ വരവേൽക്കാൻ വിദ്യാലയങ്ങളിൽ ഒരുക്കങ്ങൾ തകൃതി. പെയിന്റടിച്ച് മുഖം മിനുക്കിയ സ്‌കൂളുകളിൽ അവസാന ഘട്ട പണികളാണ് നടക്കുന്നത്. മലയാള അക്ഷരമാല പാഠപുസ്തകത്തിൽ ഉൾപ്പെടുത്താൻ സർക്കാർ തീരുമാനിച്ചതിൽ ആഹ്ലാദം പ്രകടിപ്പിച്ചാണ് ഇരുമ്പുചോല എ.യു.പി സ്‌കൂളിൽ അക്ഷര പാർക്ക് ഒരുങ്ങുന്നത്. സ്‌കൂൾ റിസോഴ്സ് ഗ്രൂപ്പിന് കീഴിലാണ് പാർക്ക് ഒരുങ്ങുന്നത്. ഹെഡ് മാസ്റ്റർ ടി. ഷാഹുൽ ഹമീദ്, സ്റ്റാഫ് സെക്രട്ടറി ലത്തീഫ് കൊടിഞ്ഞി, കെ.കെ. ഹംസകോയ, എൻ. നജീമ, വി. സലീന, കെ.പി ബബിത തുടങ്ങിയവർ നേതൃത്വം നൽകി.