school
സ്കൂ​ൾ​ ​തു​റ​ക്കു​ന്ന​തി​ന്റെ​ ​ഭാ​ഗ​മാ​യി​ ​വി​ദ്യാ​ർ​ത്ഥി​ക​ളെ​ ​സ്വാ​ഗ​തം​ ​ചെ​യ്യാ​ൻ​ ഒരു​ക്ക​ങ്ങ​ൾ​ ​പൂ​ർ​ത്തി​യാ​ക്കു​ന്ന​ ​അ​ദ്ധ്യാപ​ക​ർ.​ മ​ല​പ്പു​റം​ ​എ.​യു.​പി​ ​സ്കൂ​ളി​ൽ​ ​നി​ന്നും. - ഫോട്ടോ: അ​ഭി​ജി​ത്ത് ​ര​വി

മലപ്പുറം: സ്‌കൂളുകൾ ഇന്ന് തുറക്കും. ജില്ലാതല സ്‌കൂൾ പ്രവേശനോത്സവം പൊന്നാനി തൃക്കാവ് ജി.എച്ച്.എസ്.എസിൽ രാവിലെ 9.30ന് മന്ത്രി വി. അബ്ദുറഹിമാൻ ഉദ്ഘാടനംചെയ്യും. പി. നന്ദകുമാർ എം.എൽ.എ അദ്ധ്യക്ഷനാകും. യൂണിഫോം വിതരണോദ്ഘാടനം ഇ.ടി മുഹമ്മദ് ബഷീർ എം.പിയും അക്കാഡമിക മികവ് പ്രദർശനോദ്ഘാടനം പൊന്നാനി നഗരസഭാദ്ധ്യക്ഷൻ ശിവദാസ് ആറ്റുപുറവും നിർവഹിക്കും.
കുട്ടികളിൽ സുരക്ഷിതവും സുരക്ഷിതമല്ലാത്തതുമായ പെരുമാറ്റത്തെക്കുറിച്ച് അവബോധമുണ്ടാക്കാനായി ആദ്യദിനം തന്നെ ബ്രോഷർ വിതരണം ചെയ്യും. വനിതാ ശിശു വികസന വകുപ്പും ജില്ലാ ശിശുസംരക്ഷണ യൂണിറ്റും ചേർന്ന് തയ്യാറാക്കിയ ബ്രോഷർ മന്ത്രി വി. അബ്ദുറഹിമാൻ പ്രകാശനം ചെയ്യും. എക്‌സൈസ് വകുപ്പിന്റെ സഹായത്തോടെ വിമുക്തി വെൽക്കം കാർഡുകളും വിതരണം ചെയ്യും. കാർഡിന്റെ വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് വികസന സ്ഥിരം സമിതി ചെയർപേഴ്സൺ നസീബ അസീസ് നിവഹിക്കും. പരിപാടിയിൽ പൊതുവിദ്യാഭ്യാസ മികവ് പ്രദർശനം, ക്യാൻവാസ് ചിത്രരചന, ലിറ്റിൽ കൈറ്റ്സ് സ്റ്റാൾ, ഖവാലി, ദർബാർ മെഹ്ഫിൽ ഗസൽ, നൂർ ഇശൽ കൈമുട്ടിപ്പാട്ട്, ഒപ്പന, തിരുവാതിര, പൊന്നാനിയിലെ അപ്പങ്ങളുടെ പ്രദർശനം, ചിത്രപ്രദർശനം, മൺപാത്ര നിർമാണം, റാട്ട്കയർ നിർമാണം, സെൽഫ് ഡിഫൻസ് തുടങ്ങിയവയും നടക്കും.

വിപുലമായ പരിപാടികളുമായി വിദ്യാഭ്യാസ വകുപ്പ്

ഇത്തവണ വിപുലമായ പരിപാടികളാണ് പൊതു വിദ്യാഭ്യാസ വകുപ്പ് ഒരുക്കിയിരിക്കുന്നത്. ഉപജില്ല, സ്‌കൂൾതലങ്ങളിൽ പ്രവേശനോത്സവം സംഘടിപ്പിക്കും. ഇത്തവണ മുൻവർഷങ്ങളേക്കാൾ കൂടുതൽ വിദ്യാർത്ഥികൾ പൊതുവിദ്യാലയങ്ങളിലെത്തിയതായി ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ കെ.എസ് കുസുമം അറിയിച്ചു. സ്‌കൂൾ തുറക്കുന്നതിന് മുൻപ് തന്നെ വിദ്യാർത്ഥികൾക്കുള്ള പാഠപുസ്തകങ്ങളും സൗജന്യ യൂണിഫോം വിതരണം ചെയ്തിട്ടുണ്ട്. ഹരിത, കൊവിഡ് ചട്ടങ്ങൾ പാലിച്ചായിരിക്കും ക്ലാസുകൾ. സുരക്ഷിതവും ആകർഷകവുമായ രീതിയിലാണ് ഓരോ സ്‌കൂൾ പരിസരവും ഒരുക്കിയിട്ടുള്ളത്. സ്‌കൂൾ വാഹനങ്ങളുടെയും കെട്ടിടങ്ങളുടെയും ഫിറ്റ്നസ് ഉറപ്പാക്കിയിട്ടുണ്ട്. സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായ പഠനപ്രവർത്തനങ്ങൾക്ക് ഹൈടെക് ക്ലാസ് മുറികൾ ഉൾപ്പടെ വിദ്യാർത്ഥികൾക്കായി സജ്ജമാക്കിയതായും അധികൃതർ അറിയിച്ചു.