
കോട്ടയ്ക്കൽ: ചട്ടിപ്പറമ്പ് ചേങ്ങോട്ടൂരിൽ പന്നിവേട്ടയ്ക്കിടെ യുവാവ് വെടിയേറ്റ് മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ് സ്ഥിരീകരിച്ചു. മരിച്ച ആക്കപ്പറമ്പ് സ്വദേശി കണക്കയിൽ ഇൻഷാദ് എന്ന സാനുവിനൊപ്പം സംഭവസ്ഥലത്തുണ്ടായിരുന്ന സുഹൃത്തുക്കളായ പെരിന്തൽമണ്ണ കൊല്ലത്തുപറമ്പിൽ അസ്കർ അലി, നാരങ്ങപ്പറമ്പിൽ സുനീഷ് എന്നിവരാണ് പ്രതികൾ. കഴിഞ്ഞ ദിവസം കസ്റ്റഡിയിലായ ഇവരെ കോടതി റിമാൻഡ് ചെയ്തു. കൊലപാതകത്തിലേക്ക് നയിച്ച കാരണങ്ങൾ എന്താണെന്ന് വെളിപ്പെടുത്തിയിട്ടില്ല. ഇക്കാര്യം അന്വേഷിച്ചുവരികയാണെന്ന് പൊലീസ് പറഞ്ഞു. വേട്ടക്കിടെ അബദ്ധത്തിൽ വെടിയേറ്റാണ് മരണമെന്നായിരുന്നു ആദ്യം സംശയിച്ചിരുന്നത്.
പെരിന്തൽമണ്ണയ്ക്കടുത്ത ചട്ടിപ്പറമ്പിൽ ഞായറാഴ്ച വൈകിട്ടാണ് സംഭവം. സ്വകാര്യവ്യക്തിയുടെ കാടുപിടിച്ചുകിടക്കുന്ന സ്ഥലത്താണ് ഇവർ വേട്ടയ്ക്ക് പോയിരുന്നത്. ഇവിടെ കാട്ടുപന്നിശല്യം ഉണ്ടായിരുന്നു. വെടിയേറ്റ നിലയിൽ ഇൻഷാദിനെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച ശേഷം സുഹൃത്തുക്കൾ മുങ്ങി. ഇവരാണ് അറസ്റ്റിലായത്. അസ്കർ അലിയാണ് വെടിവച്ചതെന്നും ഇയാൾ കാടിനുള്ളിൽ ഒളിപ്പിച്ച ലൈസൻസില്ലാത്ത തോക്ക് കണ്ടെത്തിയെന്നും കോട്ടയ്ക്കൽ സി.ഐ എം.കെ ഷാജി പറഞ്ഞു.