
പാലക്കാട്: പുതിയ അദ്ധ്യയന വർഷത്തിലേക്കുള്ള പാഠപുസ്തകങ്ങൾ ജില്ലയിലെത്തി. നിലവിൽ ഷൊർണൂർ ബുക്ക് ഡിപ്പോയിലേക്ക് ആദ്യഘട്ടത്തിൽ വിതരണം ചെയ്യാനുള്ള 13.50 ലക്ഷം പുസ്തകങ്ങളാണ് എത്തിയിട്ടുള്ളതെന്ന് അധികൃതർ അറിയിച്ചു. ജില്ലയിൽ ഒന്നു മുതൽ പത്തുവരെ ക്ലാസുകളിലെ വിദ്യാർത്ഥികൾക്കായി 45 ലക്ഷം പുസ്തകങ്ങളാണ് വേണ്ടത്. ആദ്യഘട്ടത്തിൽ 25 ലക്ഷം പുസ്തകങ്ങൾ വേണം. നിലവിൽ 13.50 ലക്ഷം എത്തിയിട്ടുണ്ട്, ബാക്കി 11.50 ലക്ഷം പുസ്തകങ്ങൾ അടുത്ത ദിവസങ്ങളിലായി എത്തുമെന്നും വിദ്യാഭ്യാസ വകുപ്പ് അധികൃതർ അറിയിച്ചു.
ഇതോടെ ജൂൺ ഒന്നിന് സ്‌കൂൾ തുറക്കുന്നതിന് മുമ്പേ എല്ലാ വിദ്യാർത്ഥികൾക്കും പുസ്തകം ലഭ്യമാകും. ഡിപ്പോയിൽ എത്തിച്ച പുസ്തകങ്ങൾ ക്ലാസും വിഷയവും തിരിച്ചുള്ള തരംതിരിക്കലാണ് ഇപ്പോൾ പുരോഗമിക്കുന്നത്. പാലക്കാട്, കുഴൽമന്ദം, ആലത്തൂർ, ചിറ്റൂർ, കൊല്ലങ്കോട് ഉപജില്ലകളിലേക്കുള്ള തരംതിരിക്കൽ പൂർത്തിയായി. ഒരു സൂപ്പർവൈസറും 14 അംഗങ്ങളും അടങ്ങിയ കുടുംബശ്രീ സംഘമാണ് തരംതിരിക്കലും സ്‌കൂൾ സൊസൈറ്റികളിലേക്ക് പുസ്തകം എത്തിക്കലും ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ നിർവഹിക്കുന്നത്.
അടുത്തയാഴ്ച തന്നെ പുസ്തകം സ്‌കൂൾ സൊസൈറ്റികളിൽ എത്തിക്കും. ആദ്യം സർക്കാർ, എയ്ഡഡ് സ്‌കൂളുകളിലാണ് പുസ്തകം എത്തിക്കുക. പല സ്‌കൂളുകളിലും മേയ് മാസംതന്നെ ക്ലാസ് തുടങ്ങുന്നതിനാൽ പത്താം ക്ലാസുകാർക്ക് വേഗത്തിൽ പുസ്തകം വിതരണം ചെയ്യും. കാക്കനാട് കേരള ബുക്സ് ആൻഡ് പബ്ലിക്കേഷൻസ് സൊസൈറ്റിയാണ് (കെ.ബി.പി.എസ്) പുസ്തകം അച്ചടിച്ച് വിതരണത്തിന് എത്തിക്കുന്നത്.