inogration

ചെർപ്പുളശ്ശേരി: ജലസ്രോതസുകൾ മാലിന്യ മുക്തമാക്കാൻ സർക്കാർ ആവിഷ്‌കരിച്ച തെളിനീരൊഴുകും നവകേരളം പദ്ധതിക്ക് നഗരസഭയിൽ തുടക്കമായി. തൂതപ്പുഴയോരത്തു നിന്നും ആരംഭിച്ച ജലനടത്തത്തോടെയാണ് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്. നഗരസഭാ ചെയർമാൻ പി.രാമചന്ദ്രൻ ജലനടത്തം ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൺ സഫ്ന പാറക്കൽ അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.വിഷ്ണു, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ദീപകുമാർ എന്നിവർ പങ്കെടുത്തു. തുടർന്ന് ജല സ്രോതസുകൾക്ക് സമീപത്തുകൂടി നടന്ന ജലനടത്തത്തിന് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ വി.പി.സമീജ്, കെ.ടി.പ്രമീള, സി.ഡി.എസ് ചെയർപേഴ്സൺ പ്രിയ എന്നിവർ പങ്കെടുത്തു. ജന പങ്കാളിത്തത്തോടെ ജലസ്രോതസുകളിലെ മാലിന്യം നീക്കം ചെയ്യൽ, മാലിന്യങ്ങളുടെ ഉറവിടം കണ്ടെത്തൽ, മാലിന്യങ്ങളുടെ ശാസ്ത്രീയമായ സംസ്‌കരണം തുടങ്ങിയവയാണ് ആദ്യഘട്ടത്തിൽ ചെയ്യുന്നത്.