samithi

പാലക്കാട്: ജില്ലയിലെ പട്ടികജാതി/പട്ടികവർഗ വിഭാഗങ്ങളുടെ പരാതി പരിഹാരത്തിനായി കടകംപള്ളി സുരേന്ദ്രൻ എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ നിയമസഭാസമിതി യോഗം ചേർന്നു. അഞ്ചുവർഷത്തിലധികമായി പരിഹാരമാകാതെ കിടക്കുന്ന പരാതികളാണ് സമിതി പരിഗണിച്ചത്. പരാതികൾ എത്രയും വേഗത്തിൽ പരിഹരിക്കണമെന്ന് ഉദ്യോഗസ്ഥരോട് സമിതി ആവശ്യപ്പെട്ടു. സംസ്ഥാനത്ത് തന്നെ ഏറ്റവും കൂടുതൽ പട്ടികജാതി വിഭാഗക്കാരുള്ള ജില്ലയാണ് പാലക്കാട്.അതുകൊണ്ട് അവരുടെ ക്ഷേമവുമായി ബന്ധപ്പെട്ട കാര്യങ്ങൾ അതാത് വകുപ്പ് മേധാവികൾ എത്രയും വേഗത്തിൽ ചെയ്യേണ്ടതാണെന്ന് സമിതി ആവശ്യപ്പെട്ടു.

കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ സുൽത്താൻബത്തേരി എം.എൽ.എ ഐ.സി.ബാലകൃഷ്ണൻ, എം.എൽ.എമാരായ പി.വി.ശ്രീനിജൻ, ഷാഫി പറമ്പിൽ, പി.പി.സമോദ്, ജില്ലാ കളക്ടർ മൃൺമയി ജോഷി, വിവിധ വകുപ്പ് മേധാവികൾ, നിയമസഭ സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥർ പങ്കെടുത്തു.

തുടർന്ന് നിയമസഭാ സമിതിയുടെ നേതൃത്വത്തിൽ പാലക്കാട് മെഡിക്കൽ കോളേജ് സന്ദർശിച്ചു. വിദ്യാർത്ഥി യൂണിയൻ പ്രതിനിധികൾ, അദ്ധ്യാപക അനദ്ധ്യാപക പ്രതിനിധികൾ എന്നിവരോട് സമിതി പ്രശ്നങ്ങൾ ചർച്ച ചെയ്തു. പെൺകുട്ടികളുടെ ഹോസ്റ്റൽ സന്ദർശിച്ച ശേഷം അടിസ്ഥാന സൗകര്യങ്ങളായ അടുക്കള, ഇൻസിനേറ്റർ, കുടിവെള്ള ശുദ്ധീകരണത്തിനുള്ള സംവിധാനം എന്നിവ കൃത്യമായി നടപ്പിലാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ ജില്ലാ പട്ടികജാതി വികസന ഓഫീസർക്ക് നിർദ്ദേശം നൽകി. പട്ടികജാതി വികസന വകുപ്പിന്റെയും മറ്റു സി.എസ്.ഐ.ആർ ഫണ്ടുകളും ഉപയോഗിച്ച് അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്താൻ നടപടി സ്വീകരിക്കുമെന്ന് സമിതി വിദ്യാർത്ഥികൾക്ക് ഉറപ്പുനൽകി.