
പാലക്കാട്: കൊവിഡിനെ തുടർന്ന് സാമ്പത്തിക പ്രതിസന്ധിയിലായ കുടുംബശ്രീ സംരംഭകർക്ക് പുത്തനുണർവ് പകർന്ന് എന്റെ കേരളം പ്രദർശന വിപണന മേള. കുടുംബശ്രീയുടെ വിപണന സ്റ്റാളുകളിൽ നിന്ന് 10.56 ലക്ഷവും ഫുഡ് കോർട്ടിൽ നിന്ന് 17.1 ലക്ഷവും ലഭിച്ചു. ഭക്ഷ്യ ഉത്പന്നങ്ങൾ, വസ്ത്രങ്ങൾ, കരകൗശല വസ്തുക്കൾ, പ്ലാസ്റ്റിക് ബദൽ ഉത്പന്നങ്ങൾ, കൃഷി, അടുക്കള സാമഗ്രികൾ, ഉപകരണങ്ങൾ, സോപ്പുകൾ, ഡിറ്റർജന്റ്സ് എന്നിവ ഉൾപെടുത്തിയ 30 വിപണന സ്റ്റാളുകളാണ് കുടുംബശ്രീ സജ്ജമാക്കിയത്. സംരംഭകർക്ക് സൗജന്യമായി സ്റ്റാളുകൾ അനുവദിക്കുകയും ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തുകയും ചെയ്തിരുന്നു. പരിശീലനം ലഭിച്ച കുടുംബശ്രീ പ്രവർത്തകർ നിർമ്മിച്ച ഉത്പന്നങ്ങളാണ് മേളയിൽ വിപണനത്തിനെത്തിച്ചത്.
രുചി പെരുമ
പ്രദർശന വിപണന മേളയിൽ ഏറെ ജനപ്രിയമായ കുടുംബശ്രീ ഫുഡ് കോർട്ടിലെ പത്ത് സ്റ്റാളുകളിൽ നിന്ന് ഏഴുദിവസത്തെ വരുമാനം 17,10720 രൂപയാണ്. വിവിധതരം ബിരിയാണി, ദോശ, പുട്ട്, ജ്യൂസുകൾ, പായസങ്ങൾ, അട്ടപ്പാടി മില്ലറ്റ് കഫേ വിഭവങ്ങൾ, ചായ, എണ്ണക്കടികൾ ഉൾപ്പെടുത്തിയ 10 സ്റ്റാളുകളാണ് ഫുഡ് കോർട്ടിൽ ഉണ്ടായിരുന്നത്. പ്രത്യേക മസാല ചേർത്ത് പാകം ചെയ്ത അട്ടപ്പാടി വനസുന്ദരി ചിക്കൻ വിഭവത്തിനും വിവിധതരം ബിരിയാണികൾക്കുമായിരുന്നു ആവശ്യക്കാർ ഏറെ.