railway

ഷൊർണൂർ: റെയിൽവേ പാസഞ്ചേഴ്സ് കമ്മിറ്റി ഷൊർണൂർ റെയിൽവേ ജംഗ്ഷനിൽ സന്ദർശനം നടത്തി. ജംഗ്ഷന്റെ വികസന പോരായ്മകളെ കുറിച്ചുള്ള പരാതികൾ സ്വീകരിക്കുകയും അവ വിലയിരുത്തുകയും ചെയ്തു. റെയിൽവെ പാസഞ്ചേഴ്സ് കമ്മിറ്റി അംഗങ്ങളായ ഏറ്റുമാനൂർ രാധാകൃഷ്ണൻ ,ജയന്തി ലാൽ, സുരമപാടി,പ്രകാശ് പാൽ എന്നിവരടങ്ങുന്ന സംഘമാണ് ഷൊർണൂർ റെയിൽവേ പ്ലാറ്റ്‌ഫോമും മറ്റും പരിശോധന നടത്തിയത്. പ്ലാറ്റ്‌ഫോമുകളിൽ ശൗചാലയം ഇല്ലാത്ത പ്രശ്നവും പ്ലാറ്റ് ഫോറങ്ങളിൽ എലിവേറ്റർ സംവിധാനമില്ലായ്മയും യാത്രക്കാർ പുറത്തേക്ക് പോകുന്ന വഴി അടച്ചിട്ടിരിക്കുന്ന പ്രശ്നങ്ങളും അടിയന്തരമായി പരിഹരിക്കാൻ നടപടിയുണ്ടാവുമെന്ന് സംഘം പറഞ്ഞു. മുതലിയാർ തെരുവിലേക്കും ഷൊർണൂർ ടൗണിലേക്കും പോകാവുന്ന എ.ടി.എം കൗണ്ടറിന് സമീപത്തെ വഴി ഗതാഗത യോഗ്യമാക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാരും ബി.ജെ.പി.നേതാക്കളും നിവേദനം നൽകി. ബി.ജെ.പി നിയോജക മണ്ഡലം പ്രസിഡന്റ് എൻ.മണികണ്ഠൻ, ജനറൽ സെക്രട്ടറി എ.പി.പ്രസാദ്, എം.പി.സതീഷ് കുമാർ, യുവമോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് ഇ.പി.നന്ദകുമാർ, മഹിളാ മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി സിനി മനോജ് തുടങ്ങിയവരും പങ്കെടുത്തു.