kunjana-nabiar

ഒറ്റപ്പാലം: കിള്ളിക്കുറുശ്ശി മംഗലത്തെ കലക്കത്ത് ഭവനത്തിൽ കുഞ്ചൻദിനം ആഘോഷിച്ചു. ഇന്നലെ രാവിലെ 9 ന് കെടാവിളക്കിൽ നിന്നും ചൊരിഞ്ഞ കുത്തുവിളക്കിലെ ദീപനാളത്തിന്റെയും പഞ്ചവാദ്യം, തുള്ളൽ വേഷം, താലം എന്നിവയുടെയും അകമ്പടിയോടെ കുഞ്ചൻ സ്മാരക വായനശാലയിൽ നിന്നും എഴുത്താണി എഴുന്നെള്ളിപ്പ് തുടങ്ങി. കലക്കത്ത് ഭവനത്തിലെത്തി സ്മൃതി മണ്ഡപത്തിൽ നടന്ന പുഷ്പാർച്ചയ്ക്ക് ശേഷം നാട്യശാലയിൽ ആഘോഷ പരിപാടിയ്ക്ക് ഭദ്രദീപം തെളിഞ്ഞു. ഇതിനുശേഷം കുഞ്ചൻ സ്മാരകത്തിലെ തുള്ളൽ വിദ്യാർത്ഥിനി അനുപമയുടെ ഓട്ടൻതുള്ളൽ അരങ്ങേറി. കുഞ്ചൻദിന സമ്മേളനം കെ.പ്രേംകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സ്മാരകം ചെയർമാൻ സി.പി.ചിത്രഭാനു അദ്ധ്യക്ഷത വഹിച്ചു. കവി ആലങ്കോട് ലീലാകൃഷ്ണൻ മുഖ്യാതിഥിയായി. കുഞ്ചൻ അവാർഡ് ജേതാവ് പഴുവിൽ ഗോപിനാഥിന് പുരസ്‌കാരം നൽകി. ആട്ടക്കഥകളെ ആസ്പദമാക്കി ഡോ.എസ്.ജയ രചിച്ച സാഹിത്യവും സാക്ഷാത്ക്കാരവും എന്ന പുസ്തകത്തിന്റെ പ്രകാശനം ഡോ.പി.വി.രാമൻകുട്ടി കെ.സി. അലി ഇക്ബാലിന് നൽകി നിർവ്വഹിച്ചു. കവി അരങ്ങ് പി. രാമൻ ഉദ്ഘാടനം ചെയ്തു. വി.രാമൻകുട്ടി അദ്ധ്യക്ഷത വഹിച്ചു. സമാപന സമ്മേളനം ലക്കിടിപേരൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.സുരേഷ് ഉദ്ഘാടനം ചെയ്തു. ചെയർമാൻ ഡോ. ചിത്രഭാനു അദ്ധ്യക്ഷത വഹിച്ചു. ഭരണ സമിതി അംഗം കെ.ജയദേവൻ പ്രഭാഷണം നടത്തി.