ksrtc

പാലക്കാട്: ജില്ലയിൽ കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് സർവീസ് ആരംഭിച്ചു. ബംഗളൂരുവിലേക്കാണ് സർവീസ് ആരംഭിച്ചത്. രണ്ട് സ്വിഫ്റ്റ് ബസാണ് ജില്ലയ്ക്ക് അനുവദിച്ചിരിക്കുന്നത്. ദിവസവും രാത്രി ഒമ്പതിന് പാലക്കാട്ടേക്കും തിരിച്ചും സർവീസ് ഉണ്ട്. രാവിലെ അഞ്ചിന് എത്തുന്ന രീതിയിലാണ് ക്രമീകരണം. 39 സീറ്റുകളാണുള്ളത്. 616 രൂപയാണ് ബംഗളൂരുവിലേക്കുള്ള ടിക്കറ്റ് നിരക്ക്. സ്വകാര്യബസുകളിൽ 1000- 1500 ഇടയിലാണ് ടിക്കറ്റ് നിരക്ക്. കെ.എസ്.ആർ.ടി.സിയുടെ വെബ്‌ സൈറ്റിലൂടെ സ്വിഫ്റ്റ് ടിക്കറ്റ് ബുക്ക് ചെയ്യാം. കൊവിഡിനു ശേഷം ബംഗളൂരുവിലേക്കുള്ള യാത്രയ്ക്ക് സ്വകാര്യ ബസുകളെയാണ് ജില്ലയിലുള്ളവർ ആശ്രയിക്കുന്നത്. വിദ്യാർത്ഥികളും ജോലിക്ക് പോകുന്നവരുമടക്കം ഒട്ടേറെ പേർ ബംഗളൂരുവിലേക്ക് ആഴ്ചതോറും യാത്ര ചെയ്യുന്നവരാണ്. ഇവർക്കെല്ലാം സ്വിഫ്റ്റ് വളരെ ആശ്വാസമാകുമെന്ന് അധികൃതർ പറ‌ഞ്ഞു. സ്വകാര്യ ബസുകൾ തിരക്കിനനുസരിച്ച് ടിക്കറ്റ് നിരക്കിൽ മാറ്റം വരുത്തി സർവീസ് നടത്തുന്നത് തടയാനും ഇതിലൂടെ സാധ്യമാകും. കൂടുതൽ സ്വിഫ്റ്റ് ജില്ലയ്ക്ക് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അധികൃതർ പറഞ്ഞു. കോഴിക്കോട്ടേക്കും സർവീസ് നടത്താനാണ് തീരുമാനം. അടുത്തഘട്ടം കൂടുതൽ സ്വിഫ്റ്റ് അനുവദിക്കുമെന്നാണ് പ്രതീക്ഷ.