arrest

പാലക്കാട്: ആർ.എസ്.എസ് മുൻ ശാരീരിക് ശിക്ഷക് പ്രമുഖ് ശ്രീനിവാസനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ അഗ്നിശമന സേനാംഗം കൊടുവായൂർ നവക്കോട് സ്വദേശി ജിഷാദിനെ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്തു. ഗുരുതരമായ അച്ചടക്കലംഘനം നടത്തിയതിന് റീജിയണൽ ഫയർ ഓഫീസർ ജെ.എസ്.സുജിത് കുമാറാണ് സസ്‌പെൻഷൻ ഉത്തരവിറക്കിയത്. അന്വേഷണ സംഘം ഇന്നലെ ജിഷാദിനെ കൊടുവായൂരിലെ സ്വന്തം വീട്ടിലും പ്രതികൾ ആദ്യം കൊലപ്പെടുത്താൻ ഉന്നംവച്ച ആർ.എസ്.എസ് നേതാവിന്റെ കടയിലും എത്തിച്ച് തെളിവെടുപ്പ് നടത്തി.വൈകീട്ട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ഇതിനു മുമ്പ് നടന്ന സഞ്ജിത്ത് വധക്കേസിലും ജിഷാദിന്റെ പങ്ക് പുറത്തുവന്നതിന്റെ അടിസ്ഥാനത്തിൽ ജയിലിൽവച്ച് അറസ്റ്റ് രേഖപ്പെടുത്തും. സഞ്ജിത്ത് വീട്ടിൽനിന്ന് മാറി കഴിയുന്നതും ഭാര്യയോടൊപ്പം സഞ്ചരിക്കുന്ന സമയവും റൂട്ടും മനസിലാക്കി എസ്.ഡി.പി.ഐ - പോപ്പുലർ ഫ്രണ്ട് നേതൃത്വത്തെ അറിയിച്ചതും ജിഷാദാണ്. കൊലയാളി സംഘത്തിലെ നാലുപേരും ഗൂഢാലോചനയിലും സഹായം നൽകിയവരുമായ 17 പേരുമാണ് പിടിയിലായത്. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത രണ്ടുപേരെ പിടികൂടാനുണ്ട്.