
വടക്കഞ്ചേരി: പുതിയ വിത്തുകൾ ലഭ്യമല്ലാത്തതിനാൽ ഇത്തവണയും ഒന്നാംവിള നെൽകൃഷിക്ക് പഴയ നെൽവിത്തുകളെ ആശ്രയിക്കേണ്ട ഗതികേടിലാണ് കർഷകർ. വിത്ത് കർഷകരായി രജിസ്റ്റർ ചെയ്തവർ ഉത്പാദിപ്പിച്ച നെൽവിത്തുകൾ ഗുണനിലവാര പരിശോധനയ്ക്ക് ശേഷം ദേശീയ സീഡ് അതോറിറ്റി സമയബന്ധിതമായി സംഭരിക്കുകയും വിതരണത്തിന് എത്തിക്കാത്തതുമാണ് പ്രതിസന്ധിക്ക് കാരണം. പഴയ വിത്തിനെ ആശ്രയിച്ചാൽ വിളവിനെ ബാധിച്ചേക്കുമെന്ന ആശങ്കയിലാണ് കർഷകർ.
ജില്ലയിലെ ഒന്നാം വിളക്ക് സാധാരണയായി 110 മുതൽ 130 ദിവസംവരെ മൂപ്പുള്ള വിത്തുകളാണ് ഉപയോഗിക്കുക. മഴക്കാലത്ത് നെൽകതിർ വീഴാതിരിക്കാനുള്ള ശേഷി, രോഗ പ്രതിരോധശേഷി, നെല്ല് കൊഴിയാനുള്ള സാദ്ധ്യതകുറവ് എന്നിവ പരിഗണിച്ചാണ് വിളയിറക്കാറുള്ളത്. സപ്ലൈകോ നെല്ല് സംഭരണം തുടങ്ങിയതോടെ മട്ട, വെള്ള എന്ന വ്യത്യാസമില്ലാതെ നെല്ലിന് ഒരേ വില ലഭിക്കുന്നതിനാൽ മുൻകാലങ്ങളെ പോലെ പാലക്കാടൻ മട്ട നെൽകൃഷി മാത്രം കൃഷിചെയ്യുന്ന രീതി ഇല്ലാതായി. വിതയ്ക്കുകയാണെങ്കിൽ ഏക്കറിന് 35 മുതൽ 40 കിലോവരെ വിത്ത് വേണ്ടിവരും. പറിച്ചു നടീലിന് 30 മുതൽ 35 വരെ കിലോ വിത്താണ് ഏക്കറിന് ഉപയോഗിക്കുന്നത്. കൃഷി വകുപ്പും കാർഷിക സർവ്വകലാശാലയും ഓരോ പ്രദേശങ്ങൾക്കും ഇണങ്ങുന്ന ഒന്നും രണ്ടും വിളകൾക്ക് അനുയോജ്യമായ വിത്തുകൾ മുൻകൂട്ടി വിതരണത്തിന് ലഭ്യമാക്കണമെന്നാണ് കർഷകരുടെ ആവശ്യം.
ഡിമാന്റുള്ള അക്ഷയ കിട്ടാനില്ല
പട്ടാമ്പി പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രത്തിൽ നിന്ന് 2018 ൽ പുറത്തിറക്കിയ അക്ഷയ ഇനം നെല്ലിന് ആവശ്യക്കാർ ഏറെയുണ്ടെങ്കിലും വിത്ത് സുലഭമായി ലഭിക്കുന്നില്ല. കഴിഞ്ഞ സീസണിലും കൂടുതൽ ആവശ്യക്കാർ ഉണ്ടായെങ്കിലും ബ്രീഡർ വിത്ത് എന്ന നിലയിൽ കൂടുതൽ അളവിൽ ലഭ്യമായിരുന്നില്ല. വെളുത്ത നിറമാണെങ്കിലും ഉമ ഇനത്തെ അപേക്ഷിച്ച് രോഗപ്രതിരോധശേഷിയും, വാരിപ്പൂ, മുഞ്ഞ, തണ്ടുതുരപ്പൻ എന്നിവയെ പ്രതിരോധിക്കാനുള്ള ശേഷിയും നല്ല വിളവും ലഭിക്കുന്ന ഇനമാണ് അക്ഷയ.
പട്ടാമ്പി നെല്ലു ഗവേഷണ കേന്ദ്രത്തിൽ 130 ദിവസം മൂപ്പുള്ള വെളുത്ത ഇനം ശ്വേതയും മട്ട ഇനം പ്രത്യാശയും ബ്രീഡർ ഇനം എന്ന നിലയിൽ കിലോയ്ക്ക് 66 രൂപ നിരക്കിൽ പരിമിതമായ അളവിൽ ലഭ്യമാണ്.
ലാഭം കൊയ്ത് സ്വകാര്യ ഏജൻസികൾ
കൃഷിഭവനുകൾ മുഖേന പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി 50 ശതമാനം സബ്സിഡി നിരക്കിൽ 21.50 രൂപ നിരക്കിലാണ് ഉമ വിത്ത് ഇക്കുറി ചില പഞ്ചായത്തുകളിൽ വിതരണം ചെയ്യുന്നത്. എന്നാൽ, കുഴൽമന്ദത്തുള്ള സ്വകാര്യ വിത്തു വിതരണ ഏജൻസി 37 രൂപ നിരക്കിൽ ഉമ, ഷിഗർപി, പൗർണമി, കാഞ്ചന, വിത്തുകളും ജ്യോതി ഇനം 40 രൂപ നിരക്കിലുമാണ് വിത്തുകൾ വിൽപ്പന നടത്തുന്നത്.