
പാലക്കാട്: നീണ്ട ഇടവേളയ്ക്കു ശേഷം സ്കൂളുകൾ തുറക്കുന്നതോടെ യൂണിഫോം തയ്യാറാക്കുന്നതിന്റെ തിരക്കിലാണ് തയ്യൽ തൊഴിലാളികൾ. കൊവിഡിന് ശേഷമുള്ള സ്കൂൾ തുറക്കലിൽ അനുഭവപ്പെടുന്ന തിരക്ക് തിരിച്ചെത്തിയതിന്റെ സന്തോഷത്തിലാണ് മേഖലയിലുള്ളവർ. കഴിഞ്ഞ രണ്ട് സ്‌കൂൾ സീസണും ഇവർക്ക് നഷ്ടപ്പെട്ടിരുന്നു. ഇത്തവണ എല്ലാ കുട്ടികളും സ്കൂളിലേക്ക് തിരിച്ചെത്തുന്നതിന് മുന്നോടിയായാണ് യൂണിഫോം തയ്ക്കുന്നതിനായി തയ്യൽ കടകളിൽ തിരക്ക് വർദ്ധിച്ചിരിക്കുന്നത്. ഇതോടെ വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന പല തയ്യൽ കടകളും കൊവിഡ് കാലത്ത് തൊഴിലാളികളുടെ എണ്ണം കുറച്ചിരുന്നു. എന്നാൽ ഇത്തവണ തിരക്ക് കൂടിയതോടെ അധിക തൊഴിലാളികളെ കണ്ടെത്തി തുടങ്ങി.
യൂണിഫോം മാറ്റം ഇല്ലാത്ത എല്ലാ സ്കൂളുകളിലെയും വിദ്യാർത്ഥികൾ ആവശ്യമായ തുണിവാങ്ങി തയ്ക്കാൻ കൊടുത്തു തുടങ്ങി. മാറ്റം വരുത്തുന്ന സ്കൂളുകൾ യൂണിഫോമിന്റെ ഘടനയും നിറവും തീരുമാനമാകുന്നതോടു കൂടി തയ്യൽ മേഖല കൂടുതൽ സജീവമാകും. ഇതോടെ മേയ് അവസാനവാരവും ജൂൺ ആദ്യവാരവും കൂടുതൽ തിരക്കായിരിക്കും അനുഭവപ്പെടുക. സ്കൂൾ യൂണിഫോം കൂടാതെ ഓർഡർ ലഭിക്കുന്ന കല്യാണം ഉൾപ്പെടെയുള്ള തുണിത്തരങ്ങളും തയ്ച്ചു കൊടുക്കേണ്ടതിനാൽ വിശ്രമമില്ലാത്ത ജോലിയിലാണ് തൊഴിലാളികൾ. നിലവിലെ സ്കൂൾ തിരക്ക് കഴിയുന്നതോടെ തൊട്ടുപിന്നാലെ പ്ലസ് വൺ, കോളേജ് എന്നിവയുടെ പ്രവേശനവും വരുന്നത് വീണ്ടും തിരക്കിലേക്കാണ്.
യൂണിഫോമുകളുടെ തയ്യൽ നിരക്ക്
ഷർട്ട്- 200
പാന്റ്- 350
ചുരിദാർ- 350
കോട്ട്- 200
വലിയ ഇടവേളയ്ക്കു ശേഷം പഴയ തിരക്ക് തിരിച്ചു കിട്ടയതിൽ സന്തോഷം ഉണ്ട്. നിലവിൽ നിരവധി ഓർഡറുകൾ വന്നുതുടങ്ങിയിട്ടുണ്ട്. മേയ് അവസാനവാരത്തോടെയാകും ചാകരപോലെ ഓർഡർ ലഭിക്കുക. ആ സമയത്ത് രാത്രി വൈകിയും ജോലി ചെയ്യേണ്ടിവരും.റീന, തയ്യൽ തൊഴിലാളി. യാക്കര.