palam

ചെർപ്പുളശ്ശേരി: തൂതപ്പുഴക്കു കുറുകെ വെള്ളിനേഴി പഞ്ചായത്തിലെ കുറ്റാനിശ്ശേരിയേയും പനാംകുന്നിനെയും ബന്ധിപ്പിച്ച് നിർമ്മിച്ച തൂക്കുപാലം അപകടാവസ്ഥയിൽ. 2018-ലെ ഒന്നാംപ്രളയത്തിൽ തകർന്ന തൂക്കുപാലം സഞ്ചാരയോഗ്യമാക്കാൻ നാലു വർഷമായിട്ടും നടപടിയൊന്നും അധികൃതർ സ്വീകരിച്ചിട്ടില്ല. ആദ്യപ്രളയത്തിൽ കേടുപാടുകൾ സംഭവിച്ച തൂക്കുപാലം രണ്ടാംപ്രളയത്തിൽ പൂർണമായും സഞ്ചാരയോഗ്യമല്ലാതായി. നിലവിൽ പാലത്തിന് മുകളിൽ വള്ളികളും ചെടികളും പടർന്നു പിടിച്ച് തുരുമ്പെടുത്ത് നാശാവസ്ഥയിലാണ്.

പാലം തകർന്നതോടെ വെള്ളിനേഴി പഞ്ചായത്തിലെ കുറ്റാനശ്ശേരിയിലെയും മറുവശത്തെ കരിമ്പുഴ പഞ്ചായത്തിലെ ആറ്റാശ്ശേരി, ചാഴിയോട്, പനാംകുന്ന് പ്രദേശത്തുള്ളവരും കടുത്ത യാത്രദുരിതത്തിലാണ്. ഇരുകരകളിലും എത്താൻ പ്രദേശത്തുകാർക്ക് ഏറെ സഹായകവും എളുപ്പ മാർഗ്ഗവുമായിരുന്നു ഈ തൂക്കുപാലം. 2013-ൽ ഒരു കോടി രൂപ ചെലവഴിച്ചാണ് ഇവിടെ തൂക്കുപാലം നിർമ്മിച്ചത്. പാലത്തിന്റെ കേടുപാടുകൾ തീർത്ത് സഞ്ചാരയോഗ്യമാക്കാൻ വെള്ളിനേഴി, കരിമ്പുഴ പഞ്ചായത്തുകൾ തുക വകയിരുത്തിയിരുന്നുവെങ്കിലും നടപടികൾ ഇപ്പോഴും നീളുകയാണ്. മുതല മൂർഖൻ കടവ് തൂക്കുപാലം ഉൾപ്പെടുത്തി ടൂറിസം പദ്ധതികൂടി വിഭാവനം ചെയ്തിരുന്നെങ്കിലും നിലവിൽ എല്ലാം കടലാസിൽ മാത്രം ഒതുങ്ങുകയാണ്.