
ചെർപ്പുളശ്ശേരി: ഷൊർണൂർ- നിലമ്പൂർ റെയിൽ പാതയിൽ കൊവിഡ് മഹാമാരി കാലത്ത് നിർത്തിവെച്ച മുഴുവൻ പാസഞ്ചർ ട്രെയിനുകളും പുനസ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുന്നു. യാത്രക്കാർക്ക് ഏറെ ഗുണകരമായിരുന്ന പാസഞ്ചർ സർവീസുകൾ നിർത്തിവെച്ചതു കാരണം വലിയ ദുരിതമാണ് മുമ്പ് ട്രെയിൻ സർവീസിനെ ആശ്രയിച്ചിരുന്നവർ നേരിടുന്നത്. വിദ്യാർത്ഥികൾക്കും തൊഴിലാളികൾക്കുമെല്ലാം വലിയ അനുഗ്രഹമായിരുന്നു കുറഞ്ഞ യാത്രാ നിരക്കുണ്ടായിരുന്ന ഈ ട്രെയിൻ സർവീസ്.
ആശുപത്രികളുടെ നഗരമായ പെരിന്തൽമണ്ണയിലെത്താൻ ഷൊർണൂരിൽ നിന്നും ആളുകൾ ആശ്രയിച്ചിരുന്ന പ്രധാന യാത്രാ മാർഗം കൂടിയായിരുന്നു ഈ ട്രെയിൻ സർവീസ്. ഈ മാസം 30 മുതൽ രാവിലെ 7.05ന് ഷൊർണൂരിൽ നിന്നും ഒരു എക്‌സ്‌പ്രസ് ട്രെയിൻ നിലമ്പൂരിലേക്കും രാവിലെ 10.10ന് നിലമ്പൂരിൽ നിന്നും ഷൊർണൂരിലേക്കും സർവീസ് നടത്തുമെന്ന് റെയിൽവേ അറിയിച്ചിട്ടുണ്ടെങ്കിലും പാസഞ്ചർ ട്രെയിനുകൾ പഴയപോലെ ഓടിക്കണമെന്നാണ് യാത്രക്കാർ ആവശ്യപ്പെടുന്നത്.
ഈ ട്രെയിൻ സർവീസിന്റെ സൗകര്യാർത്ഥം വിവിധ കോളേജിൽ അഡ്മിഷൻ നേടിയ വിദ്യാർത്ഥികളും സ്ഥിരമായി യാത്ര ചെയ്തിരുന്ന അദ്ധ്യാപകരുമെല്ലാം നിലവിൽ കിലോമീറ്ററുകളോളം ചുറ്റിവളഞ്ഞ് യാത്ര ചെയ്യേണ്ട അവസ്ഥയിലാണ്. സമയ നഷ്ടത്തിനു പുറമെ യാത്രാ ചെലവിലും ഇവർക്ക് നല്ലൊരു തുകവരുന്നുണ്ട്. പാസഞ്ചർ ട്രെയിനുകൾ പുനസ്ഥാപിക്കണമെന്ന് വിവിധ സംഘടനകളും ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും റെയിൽവേ ഇതുവരെ പച്ചക്കൊടി കാണിച്ചിട്ടില്ല.