
മണ്ണാർക്കാട്: മണ്ണാർക്കാട് നിന്നും മൊട്ടിട്ട് സംസ്ഥാനമാകെ പടർന്ന് പന്തലിച്ച മുറ്റത്തെ മുല്ല പദ്ധതിയുടെ സൗരഭ്യം കടലോര മേഖലയിലേക്കും. വട്ടിപ്പലിശക്കാരിൽ നിന്നും സാധാരണ ജനങ്ങളെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടു കൂടി മണ്ണാർക്കാട് റൂറൽ ബാങ്ക് സെക്രട്ടറി എം.പുരുഷോത്തമൻ ആവിഷ്‌കരിച്ച പദ്ധതിയാണ് മുറ്റത്തെ മുല്ല വായ്പ പദ്ധതി. തുടർന്ന് പരീക്ഷണാർത്ഥം മണ്ണാർക്കാട് റൂറൽ ബാങ്ക് തന്നെ വിജയകരമായി നടപ്പാക്കുകയായിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട സംസ്ഥാന സഹകരണ വകുപ്പ് ആദ്യം പാലക്കാട് ജില്ലയിലും തുടർന്ന് സംസ്ഥാനമാകെയും പദ്ധതി നടപ്പാക്കുകയായിരുന്നു. 1500 കോടിയോളം രൂപയാണ് മുറ്റത്തെ മുല്ല വഴി വിതരണം ചെയ്തത്. കുടുംബശ്രീ മുഖേന നടപ്പാക്കിയ പദ്ധതിക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ഇതിന്റെ തുടർച്ചയായാണ് സാമ്പത്തികമായി വലിയ പ്രതിസന്ധി നേരിടുന്ന മത്സ്യ തൊഴിലാളികൾക്കിടയിലും മുറ്റത്തെ മുല്ല വായ്പ പദ്ധതി സ്‌നേഹതീരം എന്ന പേരിൽ നടപ്പാക്കാൻ സർക്കാർ മുന്നോട്ട് വന്നിട്ടുള്ളത്. സ്‌നേഹതീരത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കുമരകത്ത് വെച്ച് മന്ത്രി വി.എൻ.വാസവൻ നിർവഹിച്ചു. പദ്ധതിയെ കുറിച്ച് റൂറൽ ബാങ്ക് സെക്രട്ടറി എം.പുരുഷോത്തമൻ, ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥർക്ക് എന്നിവർ ക്ലാസെടുത്തു. സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി ഐ.എ.എസ് പങ്കെടുത്തു.