
നെന്മാറ: എലവഞ്ചേരി തുമ്പിക്കളത്തെ വിറപ്പിച്ച് കാട്ടാനക്കൂട്ടം. പ്രദേശത്ത് കാട്ടാനക്കുട്ടമെത്തി 460 വാഴകൾ നശിപ്പിച്ചു. തുമ്പിക്കളത്തിൽ ബിൻസി മാത്യു, ജോബി മാത്യു, തോമസ് മാത്യു എന്നിവരുടെ വാഴ, കവുങ്ങ്, തെങ്ങ്, മാവ്, ജലസേചന പൈപ്പ് എന്നിവയാണ് എട്ടോളം കാട്ടാനകളുടെ കൂട്ടം നശിപ്പിച്ചത്. ബിൻസി മാത്യുവിന്റെ 320 കുലച്ച വാഴകൾ നശിപ്പിച്ച കാട്ടാന കർഷകർ നിർമ്മിച്ച സോളാർ വൈദ്യുത വേലിയും തകർത്തു. വനംവകുപ്പിന്റെ വൈദ്യുത വേലി തകർത്താണ് കാട്ടാനക്കൂട്ടം കഴിഞ്ഞ രണ്ടാഴ്ചയായി എലവഞ്ചേരി അടിവാരത്ത് കാർഷിക വിളകളെ നശിപ്പിക്കുന്നതെന്ന് കർഷകർ പറഞ്ഞു. ജനവാസമേഖലയിൽ എത്തിയ കാട്ടാനകളെ ഉൾവനത്തിലെത്തിക്കുവാൻ നടപടി വേണമെന്ന് കർഷകർ ആവശ്യപ്പെട്ടു.